ഓട്ടവ: കാനഡയിലെ ഭക്ഷ്യപരിശോധനാ ഏജൻസി സിഎഫ്ഐഎ (CFIA) രാജ്യവ്യാപകമായി പിസ്ത ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നത് വ്യാപിപ്പിച്ചതായി റിപ്പോർട്ട്. സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഡിസംബർ 12-ന് പുറത്തുവിട്ട അറിയിപ്പ് പ്രകാരം, വിവിധ ബ്രാൻഡുകളുടെ 241 ഉൽപ്പന്നങ്ങളാണ് കാനഡയിലെ മിക്ക പ്രവിശ്യകളിലും ഓൺലൈനിലും തിരിച്ചുവിളിച്ചത്.
കഴിഞ്ഞ ജൂലൈ മുതൽ പിസ്തയുമായി ബന്ധപ്പെട്ട് തിരിച്ചുവിളിക്കൽ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കൂടുതൽ ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി മുന്നറിയിപ്പുകൾ പുതുക്കുന്നുണ്ട്. ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്ത പിസ്തകളുമായി ബന്ധപ്പെട്ട് ഇതുവരെ 160-ൽ അധികം ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു. ഈ വർഷം 155 പേർക്ക് സാൽമൊണല്ല സ്ഥിരീകരിക്കുകയും, അതിൽ 24 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

തിരിച്ചുവിളിച്ച പിസ്ത ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾ കഴിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുത് എന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചു. ഈ ഉൽപ്പന്നങ്ങൾ നശിപ്പിക്കുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്ക് സാൽമൊണല്ല ഗുരുതരമായേക്കാമെന്നാണ് മുന്നറിയിപ്പ്. പനി, തലവേദന, ഛർദ്ദി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
