ന്യൂയോർക്ക്: കാനഡയുടെ ഡിജിറ്റൽ പരമാധികാരം സംരക്ഷിക്കുന്നതിൽ തങ്ങളുടെ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മൈക്രോസോഫ്റ്റ് വൈസ് ചെയർമാനും പ്രസിഡൻ്റുമായ ബ്രാഡ് സ്മിത്ത്. യു.എസ് ആരുഭരിച്ചാലും ഈ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.ഡാറ്റാ സെൻ്റർ വിപുലീകരണത്തിൻ്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ കാനഡയിൽ 750 കോടി ഡോളർ നിക്ഷേപിക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചു.ഇതോടെ 2023 മുതൽ 2027 വരെയുള്ള കാലയളവിൽ കാനഡയിലെ മൈക്രോസോഫ്റ്റിൻ്റെ മൊത്തം നിക്ഷേപം 1900 കോടി ഡോളർ ആയി ഉയരും.
യു.എസ്. CLOUD നിയമം അനുസരിച്ച്, അമേരിക്കൻ കമ്പനികൾ അവരുടെ വിദേശ ഓഫീസുകളിലോ ഇൻഫ്രാസ്ട്രക്ചറുകളിലോ ഉള്ള ഡാറ്റ ആവശ്യമെങ്കിൽ യു.എസ്. സർക്കാരിന് കൈമാറാൻ ബാധ്യസ്ഥരാണ്. യു.എസ്. പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ കീഴിൽ വ്യാപാര-ഭൗമരാഷ്ട്രീയപരമായ പിരിമുറുക്കങ്ങൾ നിലനിൽക്കുന്നതിനാൽ, കാനഡയുടെ ഡാറ്റാ സ്റ്റോറേജ് വിതരണക്കാർ മറ്റൊരു രാജ്യത്തിൻ്റെ നിയമങ്ങൾക്ക് വിധേയരാകുന്നത് രാജ്യത്തിൻ്റെ പരമാധികാരത്തിന് ഭീഷണിയാകുമോ എന്ന ആശങ്കയിലാണ് കനേഡിയൻ കമ്പനികളും സർക്കാരും. രാജ്യത്തിൻ്റെ ഡിജിറ്റൽ പരമാധികാരം ഉറപ്പാക്കാൻ ഒരു “കനേഡിയൻ സോവറിൻ ക്ലൗഡ്” നിർമ്മിക്കുമെന്ന് മാർക്ക് കാർണി പ്രഖ്യാപിച്ചിരുന്നു.

ഒരു രാജ്യത്തിനും അതിൻ്റെ ഡിജിറ്റൽ അതിർത്തികൾ സൂക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിൻ്റെ ഡിജിറ്റൽ പരമാധികാരവും സംരക്ഷിക്കാൻ കഴിയില്ലെന്ന് ബ്രാഡ് സ്‌മിത്ത് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. യു.എസ്. ഗവൺമെൻ്റ് ഒരു കനേഡിയൻ ഉപഭോക്താവിൻ്റെ ഡാറ്റ ആവശ്യപ്പെടുകയാണെങ്കിൽ, അത് പ്രതിരോധിക്കാൻ തങ്ങൾ കോടതിയിൽ പോകുമെന്നും സ്മിത്ത് ഉറപ്പുനൽകി. നിയമപരമായ വെല്ലുവിളികൾക്കൊപ്പം, ഭരണകൂടങ്ങളുമായി നയതന്ത്രബന്ധങ്ങൾ ഉപയോഗിച്ചും തങ്ങൾ കനേഡിയൻ ഡാറ്റ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സേവനങ്ങളുടെ തുടർച്ചയെ ഒരു എക്സിക്യൂട്ടീവ് ഉത്തരവ് വഴി ഭീഷണിപ്പെടുത്തിയാൽ പ്രതികരിക്കാൻ മടിക്കില്ലെന്നും സ്മിത്ത് വ്യക്തമാക്കി.
