റെജൈന: സസ്‌കാച്വാൻ പ്രവിശ്യയിലെ നഴ്‌സുമാർക്കിടയിൽ തൊഴിലിട അതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിൽ വർധിക്കുന്നതായി സർവേ. ഈ കഴിഞ്ഞ 12 മാസത്തിനുള്ളിൽ യൂണിയൻ അംഗങ്ങളിൽ ഏകദേശം 70 ശതമാനം പേരും തങ്ങളുടെ ജോലിസ്ഥലത്ത് അതിക്രമങ്ങൾ നേരിട്ടു. അതായത് മൂന്നിൽ രണ്ടുഭാഗത്തിലധികം നഴ്‌സുമാർ മോശം അനുഭവങ്ങളിലൂടെ കടന്നു പോയി. സസ്‌കാച്വാൻ യൂണിയൻ ഓഫ് നഴ്‌സസ് പുറത്തുവിട്ട സർവേ പ്രകാരമാണ് ഈ സൂചനകൾ. നഴ്‌സുമാർക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ സസ്‌കാച്വാൻ ഹെൽത്ത് അതോറിറ്റി (SHA) അടിയന്തരമായി ഇടപെടണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. 1,800-ൽ അധികം യൂണിയൻ അംഗങ്ങൾ പങ്കെടുത്ത സർവേയുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തലുകൾ. സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും നഴ്‌സുമാരിൽ നിന്ന് തങ്ങൾക്ക് ദിവസേന റിപ്പോർട്ടുകൾ ലഭിക്കുന്നുണ്ടെന്ന് എസ്.യു.എൻ പ്രസിഡൻ്റ് ബ്രൈസ് ബോയ്ൻ്റൺ പറഞ്ഞു. അതിക്രമങ്ങൾ വർഷങ്ങളായി തുടരുന്ന പ്രശ്നമാണെന്നും, എന്നാൽ സമീപകാലത്ത് ഇത് കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും ബോയ്ൻ്റൺ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒരു വർഷത്തിനിടെ, അതിക്രമങ്ങളും സുരക്ഷാപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി നഴ്‌സുമാർ 118 റിപ്പോർട്ടുകൾ ഫയൽ ചെയ്തു. റെജൈന ജനറൽ ഹോസ്പിറ്റലിന് പുറത്ത് തോക്കുകളും മറ്റ് ആയുധങ്ങളുമായി രണ്ട് പേർ അറസ്റ്റിലായ സംഭവവും നഴ്‌സുമാർക്ക് നേരെയുള്ള അതിക്രമങ്ങളുടെ തുടർച്ചയാണെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.

സർവേയിൽ പങ്കെടുത്ത പകുതിയിലധികം യൂണിയൻ അംഗങ്ങളും പ്രവിശ്യ വിടുന്നതിനെക്കുറിച്ചോ, അല്ലെങ്കിൽ നഴ്സിംഗ് പ്രൊഫഷൻ പൂർണ്ണമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ചോ ആലോചിക്കുകയാണ്. നാലിലൊന്ന് നഴ്‌സുമാർക്ക് ഉടൻ തന്നെ വിരമിക്കാനും ആഗ്രഹമുണ്ട്. അതിക്രമങ്ങൾ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ, നഴ്‌സുമാർ പ്രൊഫഷൻ വിട്ടുപോകുമെന്ന് ബോയ്ൻ്റൺ മുന്നറിയിപ്പ് നൽകി. പൊതുപ്രവേശന കവാടങ്ങളിൽ മെറ്റൽ ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്നും ആശുപത്രികളിൽ കൂടുതൽ സുരക്ഷാ ക്യാമറകൾ സ്ഥാപിക്കണമെന്നും ഓൺ-സൈറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കണമെന്നുമാണ് യൂണിയൻ്റെ ആവശ്യം. അത്യാഹിതവിഭാഗത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രോഗികളെ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധിക്കണം. ആയുധങ്ങളോ അതിക്രമങ്ങളോ ഉൾപ്പെട്ട മുൻ സംഭവങ്ങളുണ്ടെങ്കിൽ, രോഗികളുടെ ചാർട്ടുകളിൽ അത് ഫ്ലാഗ് ചെയ്യാനുള്ള അനുമതി നഴ്‌സുമാർക്ക് നൽകണമെന്നും ആവശ്യമുയർന്നു.
