Saturday, December 13, 2025

കേരള ജനതയ്ക്ക് നന്ദി, തിരുവനന്തപുരത്തിന് നന്ദി:ആഹ്ളാദം പങ്കുവച്ച് പ്രധാനമന്ത്രി മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും

ന്യൂഡൽഹി: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയത്തിൽ ആഹ്ളാദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ബിജെപിയ്‌ക്കും എൻഡിഎയ്‌ക്കും വോട്ടുചെയ്തതിന് അദ്ദേഹം കേരള ജനതയ്‌ക്ക് നന്ദി അറിയിച്ചു. ഇതിനകം എക്സിൽ 4 കുറിപ്പ് പങ്കുവച്ച മോദി, മലയാളത്തിലടക്കം സന്തോഷം പങ്കുവയ്ക്കാനും മറന്നില്ല. മോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും ബി ജെ പി ദേശീയ നേതാക്കളുമെല്ലാം ‘തലസ്ഥാന’ വിജയം ആഘോഷമാക്കിയിട്ടുണ്ട്. എല്ലാവർക്കും പ്രിയം മലയാളത്തിലെ കുറിപ്പ് തന്നെയാണെന്നാണ് പ്രത്യേകത. കേരളത്തിലെ വിജയം ദേശീയ തലത്തിൽ വ്യാപക പ്രചാരണമാക്കിയിരിക്കുകയാണ് ബി ജെ പി നേതാക്കൾ. ‘വികസിത കേരളം’ എന്ന പ്രചരണത്തിലൂന്നിയാണ് കേന്ദ്രമന്ത്രിമാരടക്കമുള്ളവർ വിജയാഘോഷത്തിൽ പങ്കാളികളായിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ മലയാളം കുറിപ്പ്

സംസ്ഥാനത്തെ തദ്ദേശത്തെരഞ്ഞെടുപ്പിൽ ബി ജെ പി – എൻ ഡി ‌എ സ്ഥാനാർഥികൾക്ക് വോട്ട് ചെയ്ത കേരളത്തിലുടനീളമുള്ള ജനങ്ങളെ എന്റെ നന്ദി അറിയിക്കുന്നു. യു‌ ഡി ‌എഫിനെയും എൽ‌ ഡി ‌എഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണു കേരളം. മികച്ച ഭരണം കാഴ്ചവയ്ക്കാനും ഏവർക്കും അവസരങ്ങളുള്ള വികസിത കേരളം കെട്ടിപ്പടുക്കാനും കഴിയുന്ന ഏക മാർഗമായാണ് അവർ എൻ‌ ഡി‌ എയെ കാണുന്നത്.

അതേസമയം വിജയത്തിന് പിന്നാലെയുള്ള ആദ്യ കുറിപ്പിൽ പ്രധാനമന്ത്രി ‘നന്ദി തിരുവനന്തപുരം’ എന്നാണ് കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബി ജെ പി – എൻ‌ ഡി‌എ സഖ്യത്തിന് ലഭിച്ച ഭൂരിപക്ഷം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ ബി ജെ പിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. കേരളം എൻ ഡി എഫിനെയും യു ഡി എഫിനെയും മടുത്തു. എൻ ഡി എയില്‍ നിന്നാണ് ജനം സദ്ഭരണം പ്രതീക്ഷിക്കുന്നത്. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബി ജെ പി പ്രവർത്തിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. വികസിത കേരളം എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു മോദിയുടെ ട്വീറ്റ്.

കേരളത്തിലെ ജനങ്ങൾക്ക് നന്ദി അറിയിച്ച ബി ജെ പി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയും വികസിത കേരളം ഹാഷ്ടാഗ് എക്സിൽ പങ്കുവച്ചു. കേരളത്തിലെ വിജയം പരിവർത്തനാത്മകമായ മാറ്റത്തിന് വഴിയൊരുക്കും എന്നാണ് ബി ജെ പി ദേശീയ എക്സ് ഹാൻഡിലെ കുറിപ്പിൽ പറയുന്നത്. കേരളത്തിൽ പുതിയ രാഷ്ട്രീയ അധ്യായം എന്നാണ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിലെ വിജയം ചരിത്ര നിമിഷമെന്നാണ് കേന്ദ്രമന്ത്രി പീയുഷ് ഗോയൽ അഭിപ്രായപ്പെട്ടത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!