ഷാർലെറ്റ് ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ (P.E.I.) ആയിരക്കണക്കിന് ആളുകൾക്ക് മൊബൈൽ ഫോൺ സിഗ്നൽ ലഭ്യമല്ലാത്തതായി റിപ്പോർട്ട്. ഇത് അടിയന്തര ഘട്ടങ്ങളിൽ 911-ലേക്ക് വിളിക്കുന്നതിന് തടസ്സമുണ്ടാക്കുകയും ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുന്നു. റിപ്പോർട്ട് പ്രകാരം 7,000-ത്തോളം വീടുകൾക്കുള്ളിൽ സിഗ്നൽ ലഭ്യമല്ല.
മൊബൈൽ സിഗ്നൽ ഇല്ലാത്തതുകൊണ്ട് അപകടങ്ങളിൽ അകപ്പെട്ടവർക്ക് സഹായം ലഭിക്കാൻ വൈകുന്നു. ദ്വീപിൽ കുറഞ്ഞ ചെലവിൽ കൂടുതൽ മൊബൈൽ ടവറുകൾ സ്ഥാപിച്ചാൽ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. കാനഡയിലെ ടെലികോം കമ്പനികൾ ഉയർന്ന വിലയ്ക്ക് മോശം സേവനമാണ് നൽകുന്നതെന്നും വിമർശനമുണ്ട്.

മൊബൈൽ സേവനം മെച്ചപ്പെടുത്താനായി 34 ലക്ഷം ഡോളർ പ്രഖ്യാപിച്ചതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. അടുത്ത വർഷത്തിൽ പൊതു സ്ഥലങ്ങളിൽ മൈക്രോ ടവറുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. അതുവരെ, വീട്ടിലിരുന്ന് സംസാരിക്കാൻ Wi-Fi കോളിങ് ഉപയോഗിക്കാനും പുതിയ സാറ്റലൈറ്റ് കണക്ഷൻ സൗകര്യങ്ങൾ തേടാനും അധികൃതർ നിർദേശിച്ചു. മികച്ച ഇന്റർനെറ്റ് കണക്റ്റിവിറ്റി സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും അതുപോലെ ആരോഗ്യ-ബാങ്കിങ് സേവനങ്ങൾക്കും അത്യാവശ്യമാണെന്ന് വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.
