വാഷിങ്ടൺ: സിറിയയിൽ നടന്ന ആക്രമണത്തിൽ മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കൻ പൗരനുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഗ്രൂപ്പാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചു. ഈ കൃത്യത്തിന് യുഎസ് ശക്തമായി തിരിച്ചടിക്കുമെന്ന് ട്രംപ് വ്യക്തമാക്കി.

ഐഎസ്സിനെതിരായ പോരാട്ടത്തിനിടെയാണ് ഈ ആക്രമണം നടന്നത്. അസദിന്റെ പതനത്തിന് ശേഷം യുഎസ് സൈന്യത്തിന് സിറിയയിൽ ജീവഹാനി വരുത്തുന്ന ആദ്യ സംഭവമാണിത്. അക്രമിയെ വധിച്ചതായും അന്വേഷണം നടക്കുകയാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. സിറിയയിൽ ഐഎസിനെതിരെ പോരാടുന്ന സഖ്യത്തിൻ്റെ ഭാഗമായി നൂറുകണക്കിന് യുഎസ് സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. അമേരിക്കക്കാരെ ലക്ഷ്യം വെക്കുന്നവരെ ലോകത്ത് എവിടെയാണെങ്കിലും കണ്ടെത്തി ശിക്ഷിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മുന്നറിയിപ്പ് നൽകി. ഐഎസ് ഗ്രൂപ്പിന് ഇപ്പോഴും സിറിയയിലും ഇറാഖിലുമായി 5,000 നും 7,000 നും ഇടയിൽ പോരാളികളുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്.
