കീവ്: യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ റഷ്യയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്ത് രണ്ട് പേർ കൊല്ലപ്പെട്ടു. ഇതിനിടെ, യുക്രെയ്നിലെ ഊർജ്ജ സംവിധാനങ്ങളെ ലക്ഷ്യമിട്ട് റഷ്യ നടത്തിയ ആക്രമണങ്ങളെ തുടർന്ന് ദശലക്ഷക്കണക്കിന് ആളുകൾ വൈദ്യുതിയില്ലാതെ ദുരിതത്തിലായി. യു.എസ് നേതൃത്വത്തിലുള്ള സമാധാന ചർച്ചകൾക്ക് വേഗം കൂടുന്നതിനിടയിലാണ് ഈ പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
റഷ്യയിലെ സരടോവ് മേഖലയിലാണ് ആക്രമണം നടന്നത്. രണ്ട് പേർ കൊല്ലപ്പെട്ടു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിക്കുകയും കിന്റർഗാർട്ടനിലെയും ക്ലിനിക്കിലെയും ജനലുകൾ തകരുകയും ചെയ്തു. രാത്രിയിൽ 41 യുക്രെയ്ൻ ഡ്രോണുകൾ വെടിവച്ചിട്ടതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

റഷ്യയുടെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ യുക്രെയ്നിലെ അഞ്ച് മേഖലകളിലെ ഊർജ്ജ, തുറമുഖ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു. പത്തുലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി നഷ്ടപ്പെട്ടതായി യുക്രെയ്ൻ ആഭ്യന്തര മന്ത്രി ഇഹോർ ക്ലൈമെൻകോ പറഞ്ഞു. 450-ൽ അധികം ഡ്രോണുകളും 30 മിസൈലുകളും റഷ്യ അയച്ചതായി പ്രസിഡന്റ് സെലെൻസ്കി വ്യക്തമാക്കി. ശൈത്യകാലത്ത് ജനങ്ങൾക്ക് ചൂട്, വെളിച്ചം, വെള്ളം എന്നിവ നിഷേധിച്ച് വൈദ്യുതി ഗ്രിഡ് തകർക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്ന് യുക്രെയ്നും പാശ്ചാത്യ സഖ്യകക്ഷികളും ആരോപിച്ചു.
