വാഷിങ്ടൺ ഡിസി: ഡല്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫിനിടെ എഞ്ചിൻ തകരാർ സംഭവിച്ചതിനെത്തുടർന്ന് യുണൈറ്റഡ് എയർലൈൻസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. ശനിയാഴ്ച ഉച്ചയ്ക്ക് ടോക്കിയോയിലേക്ക് പുറപ്പെട്ട യുണൈറ്റഡ് ഫ്ലൈറ്റ് 803 ആണ് ഒരു എഞ്ചിനിലെ പവർ നഷ്ടപ്പെട്ടതിനെ തുടർന്ന് വിമാനത്താവളത്തിൽ തിരിച്ചിറങ്ങിയത്. അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (FAA) അറിയിച്ചു. സംഭവത്തിൽ FAA അന്വേഷണം നടത്തും.
വിമാനത്തിൽ ഉണ്ടായിരുന്ന 275 യാത്രക്കാരും 15 ജീവനക്കാരും സുരക്ഷിതരാണെന്ന് എയർലൈൻസ് വ്യക്തമാക്കി. യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തിക്കുന്നതിനായി മറ്റൊരു വിമാനം ക്രമീകരിച്ചു. വിമാനം പുറപ്പെടുന്നതിനിടെ റൺവേയുടെ അരികിലുള്ള ചില ചെടികൾക്ക് ചെറുതായി തീപിടിച്ചതായും വിമാനത്താവള വക്താവ് എമിലി മക്ഗീ അറിയിച്ചു.

വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ തന്നെ എഞ്ചിൻ തകരാറിലായതാണ് തിരിച്ചിറക്കാൻ കാരണം. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായിട്ടാണ് വിമാനം ഉടൻതന്നെ തിരിച്ചിറക്കിയത്. എഞ്ചിൻ തകരാറിലായ സാഹചര്യവും അതിന്റെ കാരണങ്ങളും FAA വിശദമായി അന്വേഷിക്കും.
