പുതിയ കാലത്തെ സംഗീത അഭിരുചികൾ മാറിക്കൊണ്ടിരിക്കുകയാണ്. റെട്രോ ഗാനങ്ങളും റാപ്പുകളും ഒരുപോലെയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. ഇപ്പോഴിതാ ഒരു ഭക്തി ഗാനമാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് സെറ്ററായി മാറിയിരിക്കുന്നത്. പരമ്പരാഗത ഭക്തിഗാനങ്ങളുടെ രീതി മാറ്റിക്കൊണ്ട്, ആധുനിക സംഗീതത്തിൻ്റെയും റാപ്പിൻ്റെയും അകമ്പടിയോടെ ‘കാക്കും വടിവേൽ’ എന്ന പുതിയ മ്യൂസിക് വിഡിയോ തരംഗമാകുകയാണ്. ബ്രാൻഡ് ബ്ലിസ് എന്റർടൈൻമെന്റ്സ് അവതരിപ്പിക്കുന്ന ഈ ഗാനം, യുവസംഗീതപ്രേമികൾക്കിടയിൽ #MuruganVibeSong എന്ന പേരിൽ ശ്രദ്ധേയമായി കഴിഞ്ഞു.സാമ്പ്രദായിക ഭക്തിഗാനങ്ങളുടെ വരികൾക്ക് പുത്തൻ അസ്വാദനവുമായി ഒത്തുപോകുന്ന ഓർക്കസ്ട്രേഷനും വിഷ്വലുകളും ചേർന്നപ്പോൾ ഗാനം ഹിറ്റായി.
പലരും ഗാനരംഗത്തിലെ ചുവടുകൾ ഇൻസ്റ്റഗ്രാം റീലുകളായി റീക്രിയേറ്റ് ചെയ്യുന്നുമുണ്ട്. ഒക്ടോബർ 19ന് യൂട്യൂബിൽ റിലീസ് ആയ ഗാനം മൂന്നര മില്യൺ വ്യൂസും കടന്ന് മുന്നേറുകയാണ്. മുരുക ഭഗവാൻ്റെ ശക്തിയും വീര്യവും പറയുന്ന ഗാനത്തിൽ, റാപ്പ് വരികളും പരുക്കൻ താളങ്ങളും സമന്വയിപ്പിച്ച്, മുമ്പ് കണ്ടിട്ടില്ലാത്ത ഒരു മ്യൂസിക് വിഡിയോ അനുഭവം നൽകാൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ട്.
ധരൻ കുമാർ സംഗീതം നൽകിയ ‘കാക്കും വടിവേൽ’ പാടിയിരിക്കുന്നത് ശ്രീലങ്കൻ തമിഴ് റാപ്പർ വാഹീസൻ ആണ്.

ഒരുഭാഗത്ത് നന്ദഗോവിന്ദം ഭജൻ സംഘത്തിന്റെ ഭക്തിഗാനങ്ങൾ യുവാക്കൾക്കിടയിൽ കത്തിക്കയറുമ്പോഴാണ് പുതിയ ട്രെൻഡുമായി വാഹീസനും ധരനും എത്തുന്നത്. ലൈവ് ബാന്‍ഡ് ഗിഗ്‌സിനേക്കാളും അടുത്തിടെയായി ജെൻ സികൾക്ക് താൽപ്പര്യം ഭജന മൂഡിലുള്ള ഗാനങ്ങളാണ്. ഇപ്പോഴിതാ ഈ നിരയിലേക്ക് ‘കാക്കും വടിവേൽ’ എന്ന ഡിവോഷണൽ റാപ്പും എത്തിയിരിക്കുന്നു. ഭജനയ്ക്ക് ഒപ്പം വൈബ് ചെയ്യാൻ ഒത്തുകൂടുന്നതിന് ‘ഭജന്‍ ക്ലബിങ്’ എന്നാണ് ജെൻ സികൾ പറയുന്നത്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ പലരും ഇപ്പോൾ ആശ്രയിക്കുന്നത് ഇത്തരം കൂടിച്ചേരലുകളാണ്. ഭജനകളോട് താൽപ്പര്യമുണ്ടെന്നുവച്ച് ഇളയരാജയെയും വിദ്യാസാഗറയെയൊന്നും ഇവർ മറന്നിട്ടുമില്ല.
