വൻകൂവർ : തെക്കുപടിഞ്ഞാറൻ ബ്രിട്ടിഷ് കൊളംബിയയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്നതിനിടെ വീണ്ടും കനത്ത മഴയെത്തുമെന്ന് മുന്നറിയിപ്പ്. മെട്രോ വൻകൂവർ, ഫ്രേസർ വാലി എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ വരെ 70 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

വാഷിങ്ടണിലെ നൂക്‌സാക്ക് നദി കരകവിഞ്ഞതിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം ഫ്രേസർ വാലിയിൽ തിങ്കളാഴ്ച ശുചീകരണം ആരംഭിച്ചിരുന്നു. മെട്രോ വൻകൂവറിലെ നോർത്ത് ഷോറിലെ അടക്കം പ്രവിശ്യയിലെ നിരവധി നദികളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നു. പ്രവിശ്യയുടെ തെക്കൻ തീരത്ത് തുടരുന്ന കനത്ത മഴ വടക്കൻ തീരത്ത് വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുമെന്ന് ബിസി എമേർജൻസി മാനേജ്മെൻ്റ് മന്ത്രി കെല്ലി ഗ്രീൻ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ നദീതീരങ്ങളും ജലപാതകളും ഒഴിവാക്കണമെന്ന് ഗ്രീൻ നിർദ്ദേശിച്ചു. ചൊവ്വാഴ്ച രാവിലെ വരെ, ശക്തമായ കാറ്റും മഴയും കാരണം പ്രവിശ്യയിലുടനീളം ഏകദേശം 10,400 ഉപയോക്താക്കൾ ഇരുട്ടിലാണ്.
