ടൊറന്റോ: മോഷ്ടിച്ച വാഹനങ്ങൾ വിദേശത്തേക്ക് കടത്തുന്നതിനിടെ ക്രിമിനൽ ശൃംഖലയെ പിടികൂടിയതായും 25 .3 കോടി ഡോളർ വിലമതിക്കുന്ന മുന്നൂറിലധികം വാഹനങ്ങൾ കണ്ടെടുത്തതായും ഒന്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് (OPP) അറിയിച്ചു.കാനഡയിലും വിദേശത്തും വ്യാപിച്ചുകിടക്കുന്ന സംഘടിത കുറ്റകൃത്യ ഗ്രൂപ്പുകളുമായി ബന്ധമുള്ള വ്യക്തികളുടെയും ബിസിനസുകളുടെയും ശൃംഖലയെ ലക്ഷ്യമിട്ട് ആരംഭിച്ച പ്രോജക്റ്റ് ചിക്കഡിയുടെ ഭാഗമായാണ് പ്രതികളെ പിടികൂടിയത്. 20 നും 64 നും ഇടയിൽ പ്രായമുള്ള 20 പേരെ അറസ്റ്റ് ചെയ്തതായും പ്രതികൾക്കെതിരെ 134 കുറ്റങ്ങൾ ചുമത്തിയതായും OPP പറയുന്നു.

2023 ഓഗസ്റ്റിൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) മോഷ്ടിച്ച നാല് വാഹനങ്ങൾ ഉദ്യോഗസ്ഥർ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. എസ്‌യുവികളും ആഡംബര കാറുകളും മിഡിൽ ഈസ്റ്റിലേക്കും പശ്ചിമാഫ്രിക്കയിലേക്കും കയറ്റി അയയ്ക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ സംഘടനയെ അന്വേഷണത്തിനൊടുവിൽ കണ്ടെത്തി. തുടർന്ന് ഒന്റാരിയോയിലുടനീളം നിരവധി റെയ്ഡുകൾ നടന്നു. 2025 ഒക്ടോബർ 16-ന് ടൊറന്റോ, വോൺ, വുഡ്ബ്രിഡ്ജ്, എറ്റോബിക്കോ എന്നിവിടങ്ങളിൽ പൊലീസ് തിരച്ചിൽ വാറണ്ടുകൾ നടപ്പിലാക്കി. 30,000 ഡോളർ കനേഡിയൻ കറൻസി, മൂന്ന് വാഹനങ്ങൾ, ഒന്റാറിയോ ലൈസൻസ് പ്ലേറ്റുകൾ എന്നിവ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ഓട്ടോ മോഷണവുമായി ബന്ധപ്പെട്ട നാല് കുറ്റകൃത്യങ്ങൾ ചുമത്തുകയും ചെയ്തു.

2025 നവംബർ 27-ന്, ബ്രാംപ്ടൺ, സ്കാർബ്റോ, വാട്ടർലൂ, ബോൾട്ടൺ, ഓഷവ, ഓക്ക്‌വിൽ, മിസ്സിസാഗ, ഇന്നിസ്ഫിൽ, ടൊറന്റോ, മിൽട്ടൺ എന്നിവയുൾപ്പെടെ ജിടിഎയിലും പരിസര പ്രദേശങ്ങളിലുമായി 23 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ സൈറ്റുകളിലും ക്യൂവിലെ സെന്റ്-യൂസ്റ്റാഷെയിലെ ഒരു സ്ഥലത്തും വാറണ്ടുകൾ നടപ്പിലാക്കി. 25 .3 കോടി ഡോളർ വിലമതിക്കുന്ന മോഷ്ടിച്ച 306 വാഹനങ്ങൾ, മൂന്ന് തോക്കുകൾ, ഒന്റാരിയോ ലൈസൻസ് പ്ലേറ്റുകൾ, ഓൺ-ബോർഡ് ഡയഗ്നോസ്റ്റിക് റീഡറുകൾ, കീ ഫോബുകൾ, വിവിധ വാഹന കീകൾ,വാഹന ഷിപ്പിംഗ് ഡോക്യുമെന്റേഷൻ, ഇലക്ട്രോണിക് ഉപകരണങ്ങൾ തുടങ്ങിയവ OPP പിടിച്ചെടുത്തു. മോഷ്ടിച്ച സാധനങ്ങൾ കനേഡിയൻ തുറമുഖങ്ങൾ വഴി കടത്താൻ സഹായിച്ച ശൃംഖലയുടെ അന്താരാഷ്ട്ര ബന്ധങ്ങളെ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
