ഓട്ടവ : പുതുവർഷത്തിലേക്ക് കടക്കുമ്പോൾ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ലിബറൽ പാർട്ടി, ഫെഡറൽ കൺസർവേറ്റീവുകളേക്കാൾ നേരിയ മുൻതൂക്കം തുടരുന്നതായി പുതിയ സർവേ റിപ്പോർട്ട്. ഇന്നൊരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ 40% വോട്ടർമാർ ലിബറൽ പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന് പുതിയ ഇപ്‌സോസ് സർവേ കണ്ടെത്തി. പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്കുള്ള പിന്തുണ 37 ശതമാനമാണെന്നും സർവേ പറയുന്നു. എന്നാൽ, സെപ്റ്റംബറിൽ നടന്ന അവസാന സർവേയെ അപേക്ഷിച്ച് ഇരുപാർട്ടികൾക്കുമുള്ള ജനപിന്തുണ യഥാക്രമം മൂന്ന് പോയിന്റും രണ്ട് പോയിന്റും കുറഞ്ഞു. അതേസമയം എൻഡിപിക്കും ബ്ലോക്ക് കെബെക്ക്വയ്ക്കുമുള്ള ജനപിന്തുണ വർധിച്ചതായും സർവേ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ ഇരുപാർട്ടികൾക്കുമുള്ള പിന്തുണ രണ്ടു പോയിൻ്റ് വർധിച്ച് ഒമ്പത് ശതമാനമായി. ഗ്രീൻസ് പാർട്ടിക്കുള്ള പിന്തുണ രണ്ടു ശതമാനമാണ്.

കാർണിയുടെ കീഴിലുള്ള ലിബറൽ സർക്കാരിനുള്ള പിന്തുണ 55 ശതമാനമായതായി സർവേ പറയുന്നു. ഇത് മൊത്തത്തിൽ ലിബറൽ പാർട്ടിക്കുള്ള ജനപിന്തുണയേക്കാൾ 15% കൂടുതലാണ്. വ്യക്തിപരമായി കാർണി പൊതുജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് ഇതിലൂടെ വ്യക്തമാണ്. എന്നാൽ ഈ പിന്തുണ പാർട്ടിക്ക് ലഭിച്ചിട്ടില്ലെന്ന് ഇപ്‌സോസ് പബ്ലിക് അഫയേഴ്‌സിന്റെ സിഇഒ ഡാരെൽ ബ്രിക്കർ പറഞ്ഞു.

രണ്ട് അംഗങ്ങൾ ലിബറൽ പാർട്ടിയിലേക്ക് ചേക്കേറുകയും നവംബറിൽ മറ്റൊരു എംപി രാജിവയ്ക്കാനുള്ള പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നതിനിടെ ജനുവരിയിൽ പിയേർ പൊളിയേവ് തന്‍റെ കോക്കസിന്‍റെ നിയന്ത്രണം വീണ്ടെടുക്കാൻ നേതൃത്വ അവലോകനം നേരിടുകയാണ്. അതേസമയം കെബെക്കിലും യുണൈറ്റഡ് സ്റ്റേറ്റ്സിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും ലിബറൽ ഭൂരിപക്ഷം വർധിക്കുമെന്ന ഊഹാപോഹങ്ങൾക്കൊപ്പം, 2026 “കനേഡിയൻ രാഷ്ട്രീയത്തിൽ വളരെ നിർണായകമായ ഒരു വർഷമായി” മാറുമെന്നാണ് സൂചന.
