മൺട്രിയോൾ: ആറ് മാസത്തെ പ്രക്ഷുബ്ധമായ ഭരണത്തിന് വിരാമമിട്ടുകൊണ്ട്, കെബെക്ക് ലിബറൽ നേതൃസ്ഥാനം രാജിവച്ച് പാബ്ലോ റോഡ്രിഗസ്. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് റോഡ്രിഗസ് പാർട്ടി കോക്കസിനെ തീരുമാനം അറിയിച്ചത്. ഉന്നതതല പിരിച്ചുവിടലുകൾ മുതൽ വോട്ടിന് പണവും സംഭാവന നൽകുന്നവരുടെ പ്രതിഫലവും സംബന്ധിച്ച ആരോപണങ്ങൾ വരെ ഉയർന്നതോടെ മുൻ ഫെഡറൽ കാബിനറ്റ് മന്ത്രിക്കെതിരെ കോക്കസിൽ നിന്നും എതിർ ശബ്ദങ്ങൾ ഉയർന്നിരുന്നു. ഒപ്പം യൂണിറ്റ് പെർമനൻ്റ് ആൻ്റികറപ്ഷൻ (യുപിഎസി) കെബെക്ക് ലിബറൽ പാർട്ടി (പിഎൽക്യു)ക്കെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചതും റോഡ്രിഗസിനു തിരിച്ചടിയായി. ഇതോടെ പാബ്ലോ റോഡ്രിഗസിന്റെ രാജി ആവശ്യപ്പെട്ട് പാർട്ടിയിലെ നിരവധി മുൻ മന്ത്രിമാരും പാർലമെൻ്റ് അംഗങ്ങളും രംഗത്തെത്തിയിരുന്നു.

2022 നവംബറിൽ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും മോശം തോൽവി ഏറ്റുവാങ്ങിയതോടെ സ്ഥാനമൊഴിഞ്ഞതോടെ ഡൊമിനിക് ആംഗ്ലേഡിന്റെ പിൻഗാമിയായി ജൂണിലാണ് റോഡ്രിഗസ് പാർട്ടി ലീഡറായി തിരഞ്ഞെടുക്കപ്പെട്ടത്.
