ബ്രാംപ്ടൺ : സൂ സെ മാരി ഇന്റർനാഷണൽ ബ്രിഡ്ജിന് സമീപം നടന്ന വാഹനപരിശോധനയ്ക്കിടെ മോഷ്ടിച്ച ട്രക്കുമായി ബ്രാംപ്ടണിൽ നിന്നുള്ള ഇന്ത്യൻ വംശജനായ യുവാവിനെ പിടികൂടിയതായി മിഷിഗൺ സ്റ്റേറ്റ് പൊലീസ് റിപ്പോർട്ട് ചെയ്തു. 24 വയസ്സുള്ള യുവരാജ് സിങ് ആണ് അറസ്റ്റിലായത്. ഡിസംബർ 12 ന് നടന്ന വാഹനപരിശോധനയിലാണ് അറസ്റ്റ്.

അന്വേഷണത്തിൽ ട്രക്ക് ഒൻ്റാരിയോയിൽ നിന്നും മോഷ്ടിക്കപ്പെട്ടതാണെന്നും വാഹനത്തിന്റെ VIN നമ്പർ മാറ്റിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. തുടർന്ന് വാഹനം പിടികൂടി യുവരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ വാഹനമോഷണം, വ്യജ VIN നമ്പർ ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ യുവരാജിനെ പിന്നീട് കോടതിയിൽ ഹാജരാകുമെന്ന വ്യവസ്ഥയിൽ വിട്ടയച്ചു. എന്നാൽ, പാസ്പോർട്ട് കോടതിയിൽ പിടിച്ചുവെച്ചിരിക്കുകയാണ്. മിഷിഗണിൽ നിന്നോ യു.എസിൽ നിന്നോ പോകാൻ അനുവാദമില്ല. കൂടാതെ ഇയാൾ ജിപിഎസ് മോണിറ്റർ ധരിക്കണമെന്നും ജാമ്യവ്യവസ്ഥയിൽ പറയുന്നു.
