കാൽഗറി: അനധികൃത പടക്ക വില്പനയ്ക്കും ഉപയോഗത്തിനുമെതിരെ കർശന നടപടിയുമായി കാൽഗറി സിറ്റി കൗൺസിൽ. അനധികൃത പടക്കങ്ങളുടെ വില്പനയും ഉപയോഗവും തടയുന്നതിനായി നിയമപാലനം ശക്തമാക്കാൻ സിറ്റി കൗൺസിൽ ഐകകണ്ഠ്യേന തീരുമാനിച്ചു. തിങ്കളാഴ്ച നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക വോട്ടെടുപ്പ് നടത്തിയത്. നിലവിലുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്കും പൊലീസിനും കൗൺസിൽ നിർദ്ദേശം നൽകി. പൊതുജന സുരക്ഷയും ശബ്ദമലിനീകരണവും കണക്കിലെടുത്താണ് ഈ നീക്കം.

ഈ വർഷത്തെ ദീപാവലി ആഘോഷ വേളയിൽ പടക്ക ഉപയോഗവുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രളയമായിരുന്നു. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതും രാത്രി വൈകിയുള്ള ശബ്ദകോലാഹലങ്ങളും നഗരവാസികൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കിയതായി അധികൃതർ ചൂണ്ടിക്കാട്ടി. പുതിയ തീരുമാനപ്രകാരം പടക്കങ്ങൾ നിയമവിരുദ്ധമായി വിൽക്കുന്നവർക്കും ഉപയോഗിക്കുന്നവർക്കും വൻ തുക പിഴ ഈടാക്കാനാണ് സിറ്റി കൗൺസിൽ ലക്ഷ്യമിടുന്നത്.
