റെജൈന : ആൽബർട്ട ക്ലിപ്പർ പ്രതിഭാസത്തെ തുടർന്ന് സസ്കാച്വാനിൽ ശക്തമായ ശൈത്യകാല കൊടുങ്കാറ്റും കനത്ത മഞ്ഞുവീഴ്ചയും വരുന്നു. ബുധനാഴ്ച റെജൈന, സാസ്കറ്റൂൺ, പ്രവിശ്യയുടെ തെക്കൻ മേഖല എന്നിവിടങ്ങളിൽ 10 മുതൽ 25 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 70 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കുന്ന കാറ്റും മഞ്ഞുവീഴ്ചയും വിസിബിലിറ്റി പൂജ്യത്തിലേക്ക് എത്തിക്കുമെന്നും ഇത് ഗതാഗതത്തെ സാരമായി ബാധിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കനത്ത മഞ്ഞും കാറ്റും കാരണം അനാവശ്യ യാത്രകൾ ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുതെന്നും തണുപ്പിനെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ആൽബർട്ട ക്ലിപ്പർ പ്രതിഭാസം മാനിറ്റോബയിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ട്.
