വൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലെ അബോട്ട്സ്‌ഫോർഡിലുണ്ടായ കനത്ത വെള്ളപ്പൊക്കം കുറഞ്ഞതോടെ, സുമസ് പ്രയറി (Sumas Prairie) മേഖലയിലെ എല്ലാ ഒഴിപ്പിക്കൽ ഉത്തരവുകളും പിൻവലിച്ച് അധികൃതർ. വാഷിങ്ടൺ സ്റ്റേറ്റിലെ നൂക്സാക്ക് നദി കരകവിഞ്ഞതിനെത്തുടർന്നായിരുന്നു പ്രളയം. വെള്ളം ഇറങ്ങിയതിനാലും നദിയിലെ അപകടസാധ്യത കുറഞ്ഞതിനാലും എല്ലാ താമസക്കാർക്കും സുരക്ഷിതമായി വീടുകളിലേക്ക് മടങ്ങാമെന്ന് നഗരസഭ അറിയിച്ചു.
താമസക്കാർ മടങ്ങുന്നതിന് മുൻപായി അധികൃതർ വീടുകളുടെ സുരക്ഷിതത്വം പരിശോധിച്ചിരുന്നു. പരിശോധിച്ചവയിൽ ഭൂരിഭാഗം വീടുകളും താമസയോഗ്യമാണെന്ന് കണ്ടെത്തി. എന്നാൽ ചില വീടുകളിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളുടെ പുറംഭാഗത്തെ കേടുപാടുകൾ മാത്രമാണ് ഇപ്പോൾ വിലയിരുത്തിയിട്ടുള്ളത്. വീടിനുള്ളിലെ തകരാറുകൾ പരിശോധിക്കാൻ ഇൻഷുറൻസ് കമ്പനികളുടെ സഹായം തേടാൻ താമസക്കാർക്ക് നിർദ്ദേശം നൽകിയി.

ഒഴിപ്പിക്കൽ നടപടികൾ അവസാനിച്ചതോടെ ദുരിതാശ്വാസ കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ തീരുമാനിച്ചു. എങ്കിലും നഗരത്തിലെ അടിയന്തര സേവന വിഭാഗം ഇപ്പോഴും ജാഗ്രതയിലാണ്. നദിയിലെ ജലനിരപ്പ്, റോഡുകളുടെ അവസ്ഥ, കാലാവസ്ഥാ മാറ്റങ്ങൾ എന്നിവ അധികൃതർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. മടങ്ങിയെത്തുന്നവർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നഗരസഭയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
