സിഡ്‌നി: ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചില്‍ ഹനൂക്ക ആഘോഷങ്ങള്‍ക്കിടെയുണ്ടായ വെടിവയ്പ്പില്‍, സായുധനായ ഭീകരനെ വെറുംകൈയോടെ നേരിട്ട് കീഴ്പ്പെടുത്തിയ അഹമ്മദ് അല്‍ അഹമ്മദിന് ലോകമെമ്പാടുനിന്നും അഭിനന്ദനപ്രവാഹം. സിഡ്‌നിയില്‍ പഴക്കച്ചവടം നടത്തുന്ന 43-കാരനായ അഹമ്മദ്, ആക്രമണത്തിനിടെ രണ്ട് തവണ വെടിയേറ്റിട്ടും ധീരതയോടെ പോരാടി നിരവധി ജീവനുകളാണ് രക്ഷിച്ചത്.
കാറുകള്‍ക്ക് പിന്നില്‍ ഒളിച്ചിരുന്ന അഹമ്മദ്, അക്രമി വെടിയുതിര്‍ക്കുന്നതിനിടെ അവസരം നോക്കി ചാടിവീഴുകയായിരുന്നു. അക്രമിയുടെ കഴുത്തിന് പിടിച്ചു തള്ളിയിട്ട ശേഷം തോക്ക് പിടിച്ചുവാങ്ങി. ഈ പോരാട്ടത്തിനിടയില്‍ അഹമ്മദിന്റെ കൈയ്ക്കും തോളിനും വെടിയേറ്റു. തുടര്‍ന്ന് പോലീസെത്തിയാണ് സാഹചര്യം പൂര്‍ണ്ണമായും നിയന്ത്രണവിധേയമാക്കിയത്.

അഹമ്മദിന്റെ ധീരതയെ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പ്രശംസിച്ചു. ‘അഹമ്മദ് നമ്മുടെ രാജ്യത്തിന്റെ അഭിമാനമാണ്’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഹമ്മദിനെ അദ്ദേഹം സന്ദര്‍ശിക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അഹമ്മദിനെ ‘അത്യന്തം ധീരനായ വ്യക്തി’ എന്ന് വിശേഷിപ്പിച്ചു.
അഹമ്മദിന്റെ ചികിത്സയ്ക്കും കുടുംബത്തിനുമായി ആരംഭിച്ച ‘GoFundMe’ ക്യാമ്പയിനിലേക്ക് ഇതിനോടകം തന്നെ 2 മില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറിലധികം (ഏകദേശം 11 കോടി രൂപ) സഹായമായി ലഭിച്ചു കഴിഞ്ഞു. അമേരിക്കന്‍ ശതകോടീശ്വരന്‍ ബില്‍ അക്ക്മാന്‍ ഏകദേശം 1 ലക്ഷം ഡോളര്‍ സംഭാവന നല്‍കി.
സിറിയയില്‍ നിന്ന് 2006-ല്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ അഹമ്മദ്, രണ്ട് കുട്ടികളുടെ പിതാവാണ്. വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരും ഓസ്ട്രേലിയന്‍ പൗരന്മാരും ഒരുപോലെ അഹമ്മദിന്റെ ധീരതയെ വാഴ്ത്തുകയാണ്.
