കിച്ചനർ : ക്രിസ്മസ് അവധിക്ക് തൊട്ടുമുമ്പായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിട്ടു കൊണസ്റ്റോഗ കോളേജ്. ഫെഡറൽ സർക്കാർ നടപ്പിലാക്കിയ രാജ്യാന്തര വർക്ക് പെർമിറ്റ് പ്രോഗ്രാമിലെ മാറ്റങ്ങളുടെ ഫലമായി എൻറോൾമെൻ്റ് കുറഞ്ഞതാണ് ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലിലേക്ക് നയിച്ചത്. രാജ്യാന്തര വിദ്യാർത്ഥി വീസയിൽ വരുത്തിയ മാറ്റം കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി കൊണസ്റ്റോഗ കോളേജ് പ്രതിനിധികൾ പറയുന്നു. ചൊവ്വാഴ്ച 181 ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകിയതായി ഒൻ്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (OPSEU) ലോക്കൽ 237 പ്രസിഡൻ്റ് ലിയോപോൾഡ് കോഫ് പറഞ്ഞു. കിച്ചനർ, വാട്ടർലൂ, കേംബ്രിഡ്ജ്, ബ്രാന്റ്ഫോർഡ്, ഗ്വൽഫ് എന്നിവിടങ്ങളിലെ ഫാക്കൽറ്റി, ലൈബ്രേറിയൻമാർ, കൗൺസിലർമാർ എന്നിവരടക്കമുള്ള ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്.

വിദേശ വിദ്യാർത്ഥികളുടെ കുറവ് കാരണം ഒൻ്റാരിയോയിലെ കോളേജ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും കൊണസ്റ്റോഗ കോളേജ് വക്താവ് പറയുന്നു. കൊണസ്റ്റോഗ കോളേജിൽ 2023 നെ അപേക്ഷിച്ച് 2025 ൽ വിദേശ വിദ്യാർത്ഥി പ്രവേശനം ഏകദേശം 80% കുറഞ്ഞു. 2026 ശൈത്യകാലത്ത് മൊത്തം പ്രവേശനം 15,000 ൽ അധികം വിദ്യാർത്ഥികളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2025 ലെ ശൈത്യകാലത്ത് ഏകദേശം 29,000 ഉം 2024 ൽ ഏകദേശം 43,000 ഉം ആയിരുന്നു വിദേശവിദ്യാർത്ഥി പ്രവേശനം. അതേസമയം വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടും, മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കോളേജ് 12 കോടി 10 ലക്ഷം ഡോളറിലധികം മിച്ചം റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇത് കഴിഞ്ഞ വർഷത്തെ 25 കോടി 20 ലക്ഷം ഡോളറിൽ നിന്നും വളരെയധികം കുറവാണെന്നും കോളേജ് വക്താവ് അറിയിച്ചു. ട്യൂഷൻ ഫീസിൽ നിന്നുള്ള വരുമാനം 56 കോടി 30 ലക്ഷം ഡോളറായി കുറഞ്ഞു. 2024-നേക്കാൾ 11 കോടി 90 ലക്ഷം ഡോളർ കുറവാണിത്. എന്നാൽ, ഇതേകാലയളവിൽ ശമ്പളത്തിനും മറ്റു ആനുകൂല്യങ്ങൾക്കുമായി 43 കോടി 60 ലക്ഷം ഡോളർ ചിലവഴിച്ചിട്ടുണ്ട്. ഈ ചെലവ് മുൻവർഷത്തേക്കാൾ 3 കോടി 70 ലക്ഷം ഡോളർ കൂടുതലാണ്.
