വൻകൂവർ : ഫെഡറൽ സർക്കാർ നടപ്പിലാക്കിയ കർശനമായ ഇമിഗ്രേഷൻ നയങ്ങൾ മൂലം ബ്രിട്ടിഷ് കൊളംബിയയിലെ ജനസംഖ്യയിൽ ആദ്യമായി റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള മൂന്നാം പാദത്തിൽ പ്രവിശ്യയിലെ ജനസംഖ്യയിൽ 14,335 കുറവുണ്ടായതായി ഫെഡറൽ ഏജൻസി അറിയിച്ചു. രാജ്യത്ത് തുടരുന്ന ഭവനപ്രതിസന്ധി പരിഹരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ഫെഡറൽ ഇമിഗ്രേഷൻ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ജനസംഖ്യ കുറയുന്ന ഇനിയും തുടരുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അടുത്ത വർഷം 385,000 താൽക്കാലിക താമസക്കാരെ മാത്രമേ അനുവദിക്കാൻ പദ്ധതിയിടുന്നുള്ളൂവെന്നും തുടർന്നുള്ള രണ്ട് വർഷങ്ങളിൽ ഇതിലും കുറവാണെന്നും ഫെഡറൽ സർക്കാർ കഴിഞ്ഞ മാസം സൂചിപ്പിച്ചു.

ജനസംഖ്യാ കുതിച്ചുചാട്ടം മങ്ങുമ്പോൾ, ആ കാലയളവിൽ വേഗത്തിൽ വികസിച്ച മേഖലകളുടെ വളർച്ച സാധാരണ നിലയിലാകും, ബി.സി. തൊഴിൽ മന്ത്രി രവി കഹ്‌ലോൺ പറയുന്നു. കൂടാതെ മന്ദഗതിയിലുള്ള ജനസംഖ്യാ വളർച്ച ഭവന നിർമ്മാണം, അടിസ്ഥാന സൗകര്യങ്ങൾ, പൊതു സേവനങ്ങൾ എന്നിവയിലെ സമ്മർദ്ദം ലഘൂകരിക്കാനും ഉൽപ്പാദനക്ഷമതയ്ക്കുള്ള സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ഈ കാലയളവിൽ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, കുടിയേറ്റക്കാരുടെ എണ്ണം കുറയുമ്പോൾ തന്നെ അന്തർപ്രവിശ്യാ കുടിയേറ്റം വർധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. സ്ഥിര താമസക്കാരല്ലാത്തവർ പോകുമ്പോൾ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഉയർന്ന നിരക്കിൽ ഇവിടേക്ക് വരുന്നതായി ത്രൈമാസ കണക്കുകൾ കാണിക്കുന്നു.
