ബ്രാംപ്ടൺ : നഗരത്തിലും പീൽ മേഖലയിലുടനീളവും കൊള്ളയടിക്കലും മറ്റു ആക്രമണങ്ങളും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഫെഡറൽ-പ്രവിശ്യാ സർക്കാരുകളുടെ സഹായം അഭ്യർത്ഥിച്ച് ബ്രാംപ്ടൺ മേയർ പാട്രിക് ബ്രൗൺ. ഈ വർഷം ഇതുവരെ പീൽ മേഖലയിൽ കുറഞ്ഞത് 436 കൊള്ളയടിക്കൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിലെ സ്ഥിതി വളരെ മോശമായതിനാൽ ഫെഡറൽ-പ്രവിശ്യാ സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും മേയർ അഭ്യർത്ഥിച്ചു.

2025 ജനുവരി 1 നും നവംബർ 30 നും ഇടയിൽ 436 കൊള്ളയടിക്കൽ കേസുകൾ റിപ്പോർട്ട് ചെയ്തതായി പീൽ പൊലീസ് പറയുന്നു. 2024 ലെ 490 റിപ്പോർട്ടുകളിൽ നിന്ന് നേരിയ കുറവാണിത്, എന്നാൽ 2023 ലെ 319 കൊള്ളയടിക്കൽ കേസുകളിൽ നിന്നും കുത്തനെ വർധനയും രേഖപ്പെടുത്തി. പീൽ മേഖലയിൽ മാത്രം വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കൊള്ളയടിക്കൽ കേസുകളുടെ എണ്ണം ഗണ്യമായി വർധിച്ചുവെന്നും, 2023-ൽ വെറും 50 ആയിരുന്നത് 2024-ൽ 153 ആയി ഉയർന്നുവെന്നും ഇപ്പോൾ ഈ വർഷം ഇതുവരെ 172 ആയിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ ഹർകിരാത് സിങ് പറയുന്നു. കാനഡയിലെ മറ്റേതൊരു നഗരത്തിലേക്കാളും ഇത്തരം കുറ്റകൃത്യങ്ങളുടെ നിരക്ക് വളരെ കൂടുതലാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സംഘടിത കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനും ഇരകളാകുന്നവരെ സഹായിക്കുന്നതിനുമായി ബ്രിട്ടിഷ് കൊളംബിയയ്ക്ക് പ്രവിശ്യാ, ഫെഡറൽ ഫണ്ടിങ്ങിലൂടെ 50 ലക്ഷം ഡോളറിലധികം ലഭിച്ചതായി ഹർകിരാത് സിങ് ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ പീൽ മേഖലയ്ക്കും പ്രവിശ്യാ, ഫെഡറൽ ഫണ്ട് അനിവാര്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ബ്രാംപ്ടൺ മേയറുടെ കത്ത് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പ്രീമിയർ ഡഗ് ഫോർഡിന്‍റെ ഓഫീസ് അറിയിച്ചു. എന്നാൽ, ഈ വിഷയത്തിൽ അടിയന്തര പരിഹാരം കണ്ടെത്താൻ ഫെഡറൽ സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രീമിയർ പറഞ്ഞു. കൊള്ളയടിക്കലിനെ നേരിടാൻ സർക്കാരുകളെയും നിയമപാലകരെയും ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ജനുവരിയിൽ പീൽ മേഖലയിൽ ഒരു ഉച്ചകോടി വിളിച്ചുചേർക്കുമെന്ന് ഫെഡറൽ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസംഗരി പ്രസ്താവനയിൽ പറഞ്ഞു.
