കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതിയില്‍ സമര്‍പ്പിച്ചിരുന്ന പാസ്പോര്‍ട്ട് നടന്‍ ദിലീപിന് സ്ഥിരമായി തിരിച്ചുനല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ ദിലീപ് കുറ്റവിമുക്തനായ പശ്ചാത്തലത്തില്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ദിലീപിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
2017-ല്‍ ജാമ്യം ലഭിച്ചപ്പോള്‍ പാസ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ ഡിസംബര്‍ 8-ന് വിചാരണാ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതോടെ നിലവിലുണ്ടായിരുന്ന ജാമ്യബോണ്ടുകളും അനുബന്ധ നിയന്ത്രണങ്ങളും അവസാനിച്ചുവെന്ന് കോടതി നിരീക്ഷിച്ചു. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ ഒരുങ്ങുകയാണെന്നും അതിനാല്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. വിചാരണാ കോടതി വെറുതെ വിട്ട ഒരാള്‍ക്ക് പാസ്പോര്‍ട്ട് നല്‍കുന്നത് തടയാന്‍ നിയമപരമായ കാരണങ്ങളില്ലെന്ന് ജഡ്ജി ഹണി എം. വര്‍ഗീസ് വ്യക്തമാക്കി.

ദിലീപിന്റെ പുതിയ ചിത്രം ‘ഭ ഭ ബ’ ഇന്ന് (ഡിസംബര്‍ 18) റിലീസ് ചെയ്ത സാഹചര്യത്തില്‍, സിനിമയുടെ വിദേശ പ്രമോഷന്‍ പരിപാടികള്‍ക്കായി യു.എ.ഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകാന്‍ പാസ്പോര്‍ട്ട് അടിയന്തരമായി വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. പാസ്പോര്‍ട്ട് സ്ഥിരമായി വിട്ടുകിട്ടിയതോടെ ദിലീപിന് ഇനി വിദേശയാത്രകള്‍ക്കായി ഓരോ തവണയും കോടതിയുടെ പ്രത്യേക അനുമതി തേടേണ്ടതില്ല. മുന്‍പ് പലതവണ യാത്രകള്‍ക്കായി താല്‍ക്കാലികമായി പാസ്പോര്‍ട്ട് വാങ്ങിയിരുന്നുവെങ്കിലും യാത്ര കഴിഞ്ഞ് ഉടന്‍ തന്നെ കോടതിയില്‍ തിരികെ ഏല്‍പ്പിക്കണമായിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെടെ നാല് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചിരിക്കുന്നത്.
