വാഷിങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ പുതിയ അഡ്മിനിസ്‌ട്രേറ്ററായി ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജറെഡ് ഐസക്മാനെ നിയമിച്ചു. അമേരിക്കന്‍ സെനറ്റ് ബുധനാഴ്ച നടത്തിയ വോട്ടെടുപ്പില്‍ 30-നെതിരെ 67 വോട്ടുകള്‍ക്കാണ് ഐസക്മാന്റെ നിയമനത്തിന് അംഗീകാരം നല്‍കിയത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ഐസക്മാനെ ഈ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.
ഇലോണ്‍ മസ്‌കിന്റെ അടുത്ത സുഹൃത്തും ബിസിനസ് പങ്കാളിയുമായ ഐസക്മാന്‍, നാസയുടെ 15-ാമത് അഡ്മിനിസ്‌ട്രേറ്ററായാണ് ചുമതലയേല്‍ക്കുന്നത്. ഇതാദ്യമായാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ മുന്‍പരിചയമില്ലാത്ത ഒരാള്‍ നാസയുടെ തലപ്പത്തേക്ക് എത്തുന്നത്. ‘ഷിഫ്റ്റ് 4 പേയ്മെന്റ്‌സ്’ എന്ന കമ്പനിയുടെ സ്ഥാപകനും സിഇഒയുമാണ് അദ്ദേഹം.

സ്‌കൂള്‍ വിട്ടവന്‍ മുതല്‍ നാസയുടെ തലപ്പത്തേക്ക് വരെ പതിനാറാം വയസ്സില്‍ പഠനം ഉപേക്ഷിച്ച് സംരംഭകനായി മാറിയ വ്യക്തിയാണ് ഐസക്മാന്‍. വ്യോമയാന മേഖലയിലുള്ള തന്റെ താല്‍പര്യം കൊണ്ട് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കിയ അദ്ദേഹം, സൈനിക വിമാനങ്ങള്‍ വരെ പറത്താന്‍ വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സുമായി സഹകരിച്ച് ബഹിരാകാശ യാത്രകള്‍ നടത്തിയിട്ടുള്ള അദ്ദേഹം, ചരിത്രത്തിലെ ആദ്യ സ്വകാര്യ ബഹിരാകാശ നടത്തം പൂര്‍ത്തിയാക്കിയ വ്യക്തി കൂടിയാണ്.
ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്‌സുമായി ഐസക്മാന് അടുത്ത സാമ്പത്തിക ബന്ധങ്ങളുണ്ടെന്ന ആരോപണം സെനറ്റില്‍ ചര്‍ച്ചയായിരുന്നു. ഇത് നാസയുടെ തീരുമാനങ്ങളെ സ്വാധീനിച്ചേക്കാമെന്ന് ചില ഡെമോക്രാറ്റിക് അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചുവെങ്കിലും ഭൂരിഭാഗം പേരും അദ്ദേഹത്തിന്റെ കഴിവിനെ പിന്തുണച്ചു.
ചന്ദ്രനിലേക്കുള്ള ‘ആര്‍ട്ടെമിസ്’ (Artemis) ദൗത്യം, ചൊവ്വ പര്യവേക്ഷണം എന്നിവയില്‍ വലിയ മാറ്റങ്ങള്‍ ഐസക്മാന്റെ നേതൃത്വത്തില്‍ പ്രതീക്ഷിക്കുന്നുണ്ട്. നാസയെ ഒരു ബിസിനസ്സ് രീതിയില്‍ മാറ്റിയെടുക്കാനും സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനുമുള്ള ‘പ്രോജക്റ്റ് അഥീന’ (Project Athena) എന്ന പദ്ധതിയും അദ്ദേഹത്തിന്റെ ടീം മുന്നോട്ടുവെച്ചിട്ടുണ്ട്.
