ഓട്ടവ: എ.ഐ ഉപയോഗിച്ചുള്ള ഗവേഷണങ്ങളിൽ ഗുരുതരമായ പിഴവുകൾ വരുത്തിയ ആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ഡെലോയിറ്റുമായി പത്തുലക്ഷം ഡോളറിൻ്റെ കരാർ തുടരാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ഫെഡറൽ സർക്കാർ. എ.ഐ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശങ്ങൾക്കായാണ് എംപ്ലോയ്‌മെന്റ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് കാനഡ (ESDC) ഈ കരാർ നൽകിയത്. ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സർക്കാരിനായി ഡെലോയിറ്റ് തയ്യാറാക്കിയ റിപ്പോർട്ടിൽ എഐ സൃഷ്ടിച്ച വ്യാജ വിവരങ്ങളും തെറ്റായ പരാമർശങ്ങളും ഉൾപ്പെട്ടത് നേരത്തെ വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിന് നൽകിയ റിപ്പോർട്ടിലും സമാനമായ പിഴവുകൾ ഉണ്ടായതായി കമ്പനി സമ്മതിച്ചിരുന്നു. ഇത്രയധികം വീഴ്ചകൾ വരുത്തിയ ഒരു കമ്പനിയിൽ നിന്ന് എഐ ഉപദേശം തേടുന്നതിനെതിരെ കാനഡയിലെ വിദഗ്ധർ രംഗത്തെത്തി.

തങ്ങൾ ഡെലോയിറ്റിന് നൽകിയിരിക്കുന്ന കരാറിലെ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ വക്താവ് പമേല വുദർസ്പൂൺ അറിയിച്ചു. കരാർ പ്രകാരം 2026 ജൂലൈ വരെയാണ് ഡെലോയിറ്റ് സർക്കാരിന് സേവനം നൽകേണ്ടത്. എഐ ഉപയോഗിക്കുമ്പോൾ അത് മുൻകൂട്ടി അറിയിക്കണമെന്നും ഗുണനിലവാരം ഉറപ്പാക്കണമെന്നും പുതിയ വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുത്തി. അതേസമയം, പൊതുപണം ഉപയോഗിച്ച് നൽകുന്ന ഇത്തരം കരാറുകളിൽ കൂടുതൽ മേൽനോട്ടം വേണമെന്നാണ് പൊതുവേയുള്ള അഭിപ്രായം. വ്യാജ വിവരങ്ങൾ നൽകുന്ന കമ്പനികൾക്കെതിരെ പിഴ ശിക്ഷ ഉൾപ്പെടെയുള്ള നടപടികൾ വേണമെന്നും കാൾട്ടൺ സർവകലാശാലയിലെ പ്രൊഫസർ റോബർട്ട് ഷെപ്പേർഡ് ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടു
