മൺട്രിയോൾ: മൺട്രിയോളിൽ ആദ്യത്തെ അഞ്ചാംപനി കേസ് സ്ഥിരീകരിച്ച് ആരോഗ്യ ഉദ്യോഗസ്ഥർ. ഇതോടെ കെബെക്കിലെ നാല് മേഖലകളിലായി ആറ് കേസുകൾ പൊതുജനാരോഗ്യ അധികൃതർ റിപ്പോർട്ട് ചെയ്‌തു. ലാവലിലും ലാനോഡിയറിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ വ്യാപനം തടയാൻ 95 ശതമാനം ആളുകളും വാക്സിനേഷൻ സ്വീകരിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിർദ്ദേശിക്കുന്നു. മൺട്രിയോളിൽ, വാക്സിനേഷൻ നിരക്കുകൾ കുറവാണെന്നും, ഒന്ന് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ 72 ശതമാനം പേർക്ക് മാത്രമേ അഞ്ചാംപനി പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ളുവെന്നും ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു.

പനി, മൂക്കൊലിപ്പ്, ക്ഷീണം, അസ്വസ്ഥത, കണ്ണുകൾള്ള ചുവപ്പ് നിറം തുടങ്ങിയവയാണ് അഞ്ചാംപനിയുടെ പ്രാഥമിക ലക്ഷണങ്ങൾ. തുടർന്ന് വായിലോ തൊണ്ടയിലോ ചെറിയ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാം. ഈ ലക്ഷണങ്ങൾ തുടങ്ങി ദിവസങ്ങൾക്കുശേഷം ചുവന്ന ചുണങ്ങ് മുഖത്ത് പ്രത്യക്ഷപ്പെടുകയും തുടർന്ന് ശരീരത്തിൻ്റെ താഴത്തെ ഭാഗങ്ങളിലേക്ക് പടരുകയും ചെയ്യും.
