ഡിജിറ്റല്‍ പേയ്മെന്റ് രംഗത്തെ പ്രമുഖരായ ഗൂഗിള്‍ പേ തങ്ങളുടെ ആദ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആക്സിസ് ബാങ്കുമായി സഹകരിച്ച് റുപേ നെറ്റ്വര്ക്കിലാണ് ‘ഗൂഗിള്‍ പേ ഫ്ലെക്സ് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്’ പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ ആഗോളതലത്തില്‍ ആദ്യമായി പുറത്തിറക്കുന്ന ക്രെഡിറ്റ് കാര്‍ഡ് എന്ന പ്രത്യേകതയും ഇതിനുണ്ട്.
റുപേ നെറ്റ്വര്ക്കിലായതിനാല് ഈ കാര്‍ഡ് നേരിട്ട് ഗൂഗിള്‍ പേയിലെ യുപിഐയുമായി ലിങ്ക് ചെയ്യാം. ഇതുവഴി ക്രെഡിറ്റ് കാര്‍ഡ് കൈവശം വെക്കാതെ തന്നെ ക്യുആര്‍ കോഡുകള്‍ സ്കാന്‍ ചെയ്ത് കടകളില്‍ പണമടയ്ക്കാന്‍ സാധിക്കും. ഇടപാടുകള്‍ക്ക് 1% മുതല്‍ 1.5% വരെ ഇന്‍സ്റ്റന്റ് ക്യാഷ് ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഗൂഗിള്‍ പേ വഴി നടത്തുന്ന യുപിഐ ഇടപാടുകള്‍ക്കും ഇത് ബാധകമാണ്.

വലിയ തുകയ്ക്കുള്ള വാങ്ങലുകള്‍ എളുപ്പത്തില്‍ ഇ.എം.ഐ (EMI) ആയി മാറ്റാനുള്ള സൗകര്യം ആപ്പിനുള്ളില്‍ തന്നെ ലഭ്യമാണ്. ഇ.എം.ഐ തിരിച്ചടവുകള്‍ ട്രാക്ക് ചെയ്യാനും ആപ്പ് സഹായിക്കും. പൂര്‍ണ്ണമായും ഡിജിറ്റലായ പ്രക്രിയയിലൂടെ ഉപയോക്താക്കള്‍ക്ക് കാര്‍ഡിനായി അപേക്ഷിക്കാം. പേപ്പര്‍ വര്‍ക്കുകള്‍ ഇല്ലാതെ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.
ഇന്ത്യയിലെ യുപിഐ വിപണിയില്‍ വലിയ പങ്കാളിത്തമുള്ള ഗൂഗിള്‍ പേയുടെ ഈ നീക്കം ഫോണ്‍ പേ (PhonePe), പേടിഎം (Paytm) തുടങ്ങിയ എതിരാളികള്‍ക്ക് വലിയ വെല്ലുവിളിയാകും. സാധാരണക്കാരിലേക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം എത്തിക്കാനും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ കൂടുതല്‍ ജനകീയമാക്കാനും ഈ പുതിയ കാര്‍ഡ് സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപയോക്താക്കള്‍ക്ക് ആപ്പിനുള്ളില്‍ തന്നെ കാര്‍ഡ് ബ്ലോക്ക് ചെയ്യാനും പിന് നമ്പര്‍ മാറ്റാനും അണ്‍ബ്ലോക്ക് ചെയ്യാനുമുള്ള പൂര്‍ണ്ണ നിയന്ത്രണവും ഗൂഗിള്‍ പേ നല്‍കുന്നുണ്ട്.
