Thursday, December 18, 2025

സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും

മസ്‌കറ്റ്: പ്രധാനമന്ത്രി നരേന്ദ്രമോദിയും സുൽത്താൻ ഹൈത്തം ബിൻ താരിഖും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിന് ആവശ്യമായ വഴികൾ കണ്ടെത്തുന്നതിനുള്ള ചർച്ചകളാണ് വ്യാഴാഴ്ച നടന്നത്. ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അനസാന ഘട്ടമായ ബുധനാഴ്ചയാണ് മോദി ഒമാനിലെത്തിയത്.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ഇന്ത്യൻ പ്രധാനമന്ത്രി ഒമാൻ സന്ദർശിച്ചത്. ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് മുമ്പ് പ്രധാനമന്ത്രി മോദിയെ സുൽത്താൻ ഹൈത്തം മസ്‌കറ്റിലെ അൽബറക്ക പാലസിൽ സ്വീകരിച്ചു. ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 70 വർഷത്തെ പൂർത്തീകരണം ഉഭയകക്ഷി പങ്കാളിത്തത്തിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും കണക്കാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്‌വാൾ പറഞ്ഞു.

‘ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളാണ് അവർ ചർച്ച ചെയ്തത്. പ്രതിരോധം, സുരക്ഷ, വ്യാപാരവും നിക്ഷേപവും, ഊർജ്ജം, കൃഷി, സാങ്കേതികവിദ്യ, പുതിയതും ഉയർന്നുവരുന്നതുമായ മറ്റ് മേഖലകൾ, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ എന്നിവയുൾപ്പെടെ വിശാലമായ വിഷയങ്ങളിൽ ഇരു നേതാക്കളും അഭിപ്രായങ്ങൾ പങ്കുവെച്ചു. പ്രാദേശികവും ആഗോളവുമായി താൽപ്പര്യമുള്ള വിഷയങ്ങളും അവർ ചർച്ച ചെയ്തു.’ ജയ്‌സ്‌വാൾ പറഞ്ഞു.

സമഗ്രമായ സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെച്ചതിനെ ഉഭയകക്ഷി ബന്ധങ്ങളിലെ ഒരു നാഴികക്കല്ലായാണ് ഇരു നേതാക്കളും വിശേഷിപ്പിച്ചത്. ഈ കരാർ ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര പങ്കാളിത്തത്തെ ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് അവർ വിശ്വസിക്കുന്നുവെന്നും ജയ്‌സ്‌വാൾ അഭിപ്രായപ്പെട്ടു. വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും ഒമാന്റെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി കൈസ് ബിൻ മുഹമ്മദ് അൽ യൂസഫും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!