ന്യൂഡല്‍ഹി: ആഗോള കായിക രംഗത്ത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി ലോക ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ പുതിയ റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനത്തെത്തി.
വാഡയുടെ 2024-ലെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ താരങ്ങളില്‍ നടത്തിയ 537 പരിശോധനകളില്‍ 160 എണ്ണവും പോസിറ്റീവായി കണ്ടെത്തി. മുന്‍ വര്‍ഷങ്ങളിലും ഇന്ത്യയുടെ അവസ്ഥ സമാനമായിരുന്നു. 2022-ല്‍ 125 സാമ്പിളുകളും 2023-ല്‍ 213 സാമ്പിളുകളുമാണ് പോസിറ്റീവായത്. ഇന്ത്യയിലെ കായിക താരങ്ങള്‍ക്കിടയില്‍ ഉത്തേജക മരുന്ന് ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്.

ഭാരോദ്വഹന, ഗുസ്തി താരങ്ങളാണ് ഉത്തേജക മരുന്ന് ഉപയോഗത്തില്‍ കൂടുതലായി പിടിക്കപ്പെട്ടത്. 91 സാമ്പിളുകള്‍ പോസിറ്റീവായ ഫ്രാന്‍സ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. 85 സാമ്പിളുകളുമായി ഇറ്റലി മൂന്നാം സ്ഥാനത്തെത്തി. റഷ്യ, അമേരിക്ക, ജര്‍മ്മനി എന്നീ രാജ്യങ്ങളാണ് പട്ടികയില്‍ ഇന്ത്യയ്ക്കും ഫ്രാന്‍സിനും ഇറ്റലിക്കും പിന്നിലായുള്ളത്.
ഇന്ത്യന്‍ കായിക താരങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം ശക്തമാക്കണമെന്നും നാഡ പോലുള്ള ഏജന്‍സികള്‍ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തെത്തുന്നത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ കായിക പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.
