ഓട്ടവ : കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് തിരിച്ചടിയായി ഇമിഗ്രേഷൻ ബാക്ക്‌ലോഗ് പത്ത് ലക്ഷം കവിഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. ഒക്ടോബർ 31 വരെയുള്ള കാലയളവിൽ മാത്രം 1,006,500 അപേക്ഷകളാണ് നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാതെ കെട്ടിക്കെടക്കുന്നത്. ഒക്ടോബർ അവസാനം വരെ, IRCC ഇൻവെന്‍ററികളിലെ ആകെ അപേക്ഷകളുടെ എണ്ണം 2,182,200 ആയിരുന്നു. ഇതിൽ സേവന മാനദണ്ഡങ്ങൾക്കുള്ളിൽ 1,175,500 അപേക്ഷകൾ പ്രോസസ്സ് ചെയ്തു. കാനഡയിൽ സ്ഥിരതാമസത്തിന് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന എക്‌സ്‌പ്രസ് എൻട്രി അപേക്ഷകളാണ് കെട്ടിക്കിടക്കുന്നതിൽ അധികവും. പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

സ്ഥിര താമസ അപേക്ഷകൾ
ഒക്ടോബർ 31 വരെ, എക്സ്പ്രസ് എൻട്രി, എക്സ്പ്രസ് എൻട്രി-ലിങ്ക്ഡ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി), ഫാമിലി സ്പോൺസർഷിപ്പ് അപേക്ഷകൾ എന്നിവ ഉൾപ്പെടുന്ന സ്ഥിര താമസ (പിആർ) അപേക്ഷകളിൽ 501,300 എണ്ണം ബാക്ക്‌ലോഗിലാണ്. ഐആർസിസിയുടെ ഇൻവെന്‍ററിയിലുണ്ടായിരുന്ന 928,800 അപേക്ഷകളിൽ 427,500 (46%) സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു.
താൽക്കാലിക താമസ അപേക്ഷകൾ
ഒക്ടോബർ 31 വരെ, താൽക്കാലിക താമസ അപേക്ഷകളുടെ എണ്ണം 999,100 ആയി കുറഞ്ഞു. സെപ്റ്റംബർ 31 ലെ കണക്കനുസരിച്ച് ഇത് 1,028,500 ആയിരുന്നു. ഇതിൽ 548,500 (55%) വകുപ്പുതല സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. അതായത് 450,600 താൽക്കാലിക താമസ അപേക്ഷകൾ (വർക്ക് പെർമിറ്റുകൾ, പഠന പെർമിറ്റുകൾ, സന്ദർശക വിസകൾ എന്നിവ ഉൾപ്പെടെ) കെട്ടിക്കിടക്കുകയാണ്.

പൗരത്വ ഗ്രാൻ്റുകൾ
ഒക്ടോബർ 31 വരെ, ഇമിഗ്രേഷൻ വകുപ്പിന് ആകെ 254,300 പൗരത്വ ഗ്രാൻ്റ് അപേക്ഷകൾ ഇൻവെന്‍ററിയിൽ ഉണ്ടായിരുന്നു. അതിൽ 78% – അല്ലെങ്കിൽ 199,500 – സേവന മാനദണ്ഡങ്ങൾക്കുള്ളിൽ പ്രോസസ്സ് ചെയ്തു. തൽഫലമായി, 22%, അല്ലെങ്കിൽ 54,800 അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. തുടർച്ചയായി നാലാം മാസമാണ് ബാക്ക്‌ലോഗ് 1% വർധിക്കുന്നത്.
