ഹാലിഫാക്സ് : പ്രവിശ്യയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ എല്ലാ ആശുപത്രികളിലും മാസ്ക് നിർബന്ധമാക്കി നോവസ്കോഷ ഹെൽത്ത്. രോഗികളുടെയും സന്ദർശകരുടെയും സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്നും ആരോഗ്യ അതോറിറ്റി അറിയിച്ചു. മാസ്ക് നിർബന്ധമാക്കിയതായി ഓരോ ആശുപത്രിയുടെയും പ്രവേശന കവാടത്തിൽ ബോർഡ് സ്ഥാപിക്കുകയും മാസ്കുകൾ ലഭ്യമാക്കുകയും ചെയ്യും. ഐഡബ്ല്യുകെ ഹെൽത്ത് കഴിഞ്ഞ മാസം ഹാലിഫാക്സ് കേന്ദ്രത്തിലെ എല്ലാ ജീവനക്കാർക്കും സന്ദർശകർക്കും രോഗികൾക്കും മാസ്ക് നിർബന്ധമാക്കിയിരുന്നു.

അതേസമയം അഡ്മിനിസ്ട്രേറ്റിവ് ബിൽഡിങ്, പ്രൈവറ്റ് ഓഫീസുകൾ, നഴ്‌സിങ് സ്റ്റേഷനുകൾ, കോൺഫറൻസ് റൂമുകൾ (രോഗികൾ ഇല്ലെങ്കിൽ), കഫറ്റീരിയകൾ എന്നിവിടങ്ങളിൽ മാസ്ക് ആവശ്യമില്ലെന്ന് ആരോഗ്യ അതോറിറ്റി അറിയിച്ചു. കൂടാതെ ചില കേസുകളിൽ ഒഴിവാക്കലുകൾ അനുവദിക്കുമെന്നും നോവസ്കോഷ ഹെൽത്ത് പറയുന്നു.
