മസ്‌കറ്റ: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയും ഒമാനും തമ്മില്‍ സുപ്രധാന സഹകരണ കരാറുകളില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാന്‍ സന്ദര്‍ശന വേളയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന പങ്കാളിത്തം പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്ന തീരുമാനങ്ങളുണ്ടായത്. സമുദ്ര പൈതൃകം, കൃഷി, ശാസ്ത്ര ഗവേഷണം തുടങ്ങി വിവിധ മേഖലകളിലെ സഹകരണത്തിനായി നാല് ധാരണാപത്രങ്ങളിലാണ് (MoU) ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.
സമുദ്ര പൈതൃകം, മ്യൂസിയങ്ങള്‍ എന്നിവയുടെ സംരക്ഷണത്തിനും ഗവേഷണത്തിനുമായി പ്രത്യേക കരാര്‍ ഒപ്പുവെച്ചു. കൂടാതെ ‘ജോയിന്റ് മാരിടൈം വിഷന്‍’ വഴി സമുദ്ര സുരക്ഷയും സഹകരണവും വര്‍ധിപ്പിക്കാനും തീരുമാനിച്ചു. കൃഷി, ഭക്ഷ്യ നവീകരണം, സുസ്ഥിരമായ കൃഷി രീതികള്‍ എന്നിവയില്‍ സഹകരിക്കാന്‍ ധാരണയായി. പ്രത്യേകിച്ചും മില്ലറ്റ് കൃഷിയിലും അനുബന്ധ ഗവേഷണങ്ങളിലും ഇരുരാജ്യങ്ങളും കൈകോര്‍ക്കും.

ശാസ്ത്ര ഗവേഷണം, നവീകരണം, നൈപുണ്യ വികസനം എന്നീ മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ധാരണയായി. ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകളും സന്ദര്‍ശനത്തില്‍ നിര്‍ണ്ണായകമായി. 98 ശതമാനം ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും ഒമാനിലേക്ക് നികുതിയില്ലാതെ പ്രവേശനം നല്‍കുന്ന ഈ കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവരും ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു. 70 വര്‍ഷത്തെ നയതന്ത്ര ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന ഈ സന്ദര്‍ശനം പശ്ചിമേഷ്യയില്‍ ഇന്ത്യയുടെ സ്വാധീനം ഉറപ്പിക്കുന്നതില്‍ സുപ്രധാനമാണ്.
