കൊച്ചി: ഗർഭിണിയെ ക്രൂരമായി മർദിച്ചതിന് സസ്‌പെൻഷനിലായ എസ്എച്ച്ഒ കെ ജി പ്രതാപ് ചന്ദ്രനെതിരായ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ ബെൻ ടൂറിസ്റ്റ് ഹോം ഉടമ ബെൻജോ ബേബിയുടെ ഭാര്യ ഷൈമോളെ (41) പ്രതാപ് ചന്ദ്രൻ മർദിച്ചത് വിവാദമായ സാഹചര്യത്തിലാണ് അന്വേഷണം. നിലവിൽ അരൂർ എസ്എച്ച്‌ഒയാണ് പ്രതാപ് ചന്ദ്രൻ. പ്രതാപ് ചന്ദ്രൻ എറണാകുളം നോർത്ത് സ്റ്റേഷനിൽ സിഐ ആയിരിക്കെ 2024 ജൂൺ 20നായിരുന്നു സംഭവം. യുവതിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2024 ജൂൺ 18ന് പുലർച്ചെ ടൂറിസ്റ്റ് ഹോമിന് സമീപത്തുനിന്ന് സംശയാസ്പദ സാഹചര്യത്തിൽ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച രണ്ട് യുവാക്കളെ രക്ഷപ്പെടാൻ സഹായിച്ചെന്ന കുറ്റം ചുമത്തിയാണ് ബെൻജോയെ പിടികൂടിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നായിരുന്നു കേസ്. പൊലീസിന്റെ മർദ്ദന ദൃശ്യങ്ങൾ മൊബൈലിൽ ബെൻജോ പകർത്തിയിരുന്നു.ഭർത്താവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് ഇരട്ടകളായ കൈക്കുഞ്ഞുങ്ങളുമായി ഗർഭിണിയായ ഷൈമോൾ സ്റ്റേഷനിലെത്തി. ഷൈമോളും പൊലീസുകാരും തമ്മിൽ ബെൻജോയുടെ സാന്നിദ്ധ്യത്തിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രതാപ് ചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് പിടിച്ചുതള്ളുകയായിരുന്നു.

ഇത് ചോദ്യംചെയ്തതോടെ മുഖത്തടിച്ചു. മറ്റ് പൊലീസുകാരാണ് പിടിച്ചുമാറ്റിയത്. വനിതാ പൊലീസിന്റെ സാന്നിദ്ധ്യത്തിലായിരുന്നു പരാക്രമം. പ്രതാപ് ചന്ദ്രനെതിരെ നേരത്തെയും സ്വിഗ്ഗി ജീവനക്കാരനെയും കോൺഗ്രസ് നേതാവിനെയും മർദ്ദിച്ച സംഭവത്തിൽ പരാതി ഉയർന്നിരുന്നു. എന്നാൽ അന്നൊന്നും യാതൊരു നടപടിയുമുണ്ടായില്ല. അതേ സമയം കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി സിഐ പറഞ്ഞു. കൈക്കുഞ്ഞുങ്ങളെ ഇവര്‍ താഴെയെറിയാന്‍ ശ്രമിച്ചതായും സിഐ പറഞ്ഞു. വനിതാ ഉദ്യോഗസ്ഥരെയടക്കം യുവതി കയ്യേറ്റം ചെയ്തു. സ്റ്റേഷനില്‍ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെയാണ് പ്രതികരിച്ചത. അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ തെളിവായി ഉണ്ടെന്നന്നും സിഐ പറഞ്ഞു. ഗര്‍ഭിണിയുടെ മുഖത്തടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആഭ്യന്തരവകുപ്പിനും പൊലീസിനുമെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു.
