ടൊറൻ്റോ :കാനഡയിലെ എയ്ജാക്സിലുള്ള ആമസോൺ ഫുൾഫിൽമെൻ്റ് സെൻ്ററിൽ നിന്ന് രണ്ട് വർഷത്തിനിടെ 20 ലക്ഷം ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌ത് ദുർഹം റീജിനൽ പൊലീസ്. ഇതിൽ രണ്ട് പേർ ആമസോണിലെ തന്നെ ജീവനക്കാരാണ്. കഴിഞ്ഞ നവംബറിൽ ആമസോണിൻ്റെ സുരക്ഷാ വിഭാഗം നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ കവർച്ചാ വിവരം പുറത്തുവന്നത്. പ്രതികൾ വെയർഹൗസിൽ നിന്ന് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും കടത്തി വിപണിയിൽ മറിച്ചുവിൽക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അന്വേഷണത്തിൻ്റെ ഭാഗമായി സ്കാർബ്റോയിലെ ഒരു വീട്ടിൽ നടത്തിയ പരിശോധനയിൽ 2.5 ലക്ഷം ഡോളർ വിലമതിക്കുന്ന ആഡംബര ഇലക്ട്രോണിക്സ് ഉപകരണങ്ങളും 50,000 ഡോളർ പണവും പൊലീസ് കണ്ടെടുത്തു. ജാൻവിബെൻ ധമേലിയ, യഷ് ധമേലിയ, മെഹുൽ ബൽദേവ്ഭായ് പട്ടേൽ, ആശിഷ്കുമാർ സവാനി, ബൻസാരി സവാനി എന്നിവരാണ് പിടിയിലായവർ. ഇവർക്കെതിരെ മോഷ്ടിച്ച സാധനങ്ങൾ കൈവശം വെച്ചതിനും വിൽക്കാൻ ശ്രമിച്ചതിനും പുറമെ മോഷണം, വഞ്ചന തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഈ കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
