മോസ്കോ: റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. യുക്രെയ്നിന്റെ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസ് വിട്ടുകിട്ടണമെന്ന കര്‍ശന നിലപാടില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് ഉറച്ചുനില്‍ക്കുന്നതാണ് ചര്‍ച്ചകളെ പ്രതിസന്ധിയിലാക്കുന്നത്. പ്രകോപിപ്പിച്ചാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും പുടിന് നല്കി.
സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും പുടിന് ആരോപിച്ചു. റഷ്യന്‍ അധിനിവേശം നാലാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ക്കും യുദ്ധഭൂമി സാക്ഷ്യം വഹിക്കുന്നുണ്ട്. നാറ്റോ സഖ്യത്തില്‍ ചേരാനുള്ള തങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യം യുക്രെയ്ന് തല്ക്കാലം ഉപേക്ഷിച്ചേക്കുമെന്നാണ് സൂചനകള്‍.

യുദ്ധത്തിന് ശേഷം രാജ്യത്തിന്റെ സുരക്ഷ യുഎസും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഉറപ്പുനല്‍കുകയാണെങ്കില്‍ നാറ്റോ അംഗത്വത്തിനായുള്ള ശ്രമം ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന് പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്കി വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, തന്ത്രപ്രധാനമായ ഡോണ്‍ബാസ് മേഖലയ്ക്കായുള്ള റഷ്യയുടെ അവകാശവാദം സമാധാന ചര്‍ച്ചകള്‍ക്ക് വലിയ തടസ്സമായി തുടരുകയാണ്.
യുദ്ധം ദീര്‍ഘിക്കുന്നത് ആഗോളതലത്തില്‍ വലിയ സാമ്പത്തിക-പ്രതിരോധ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന സാഹചര്യത്തില്‍, ഡോണ്‍ബാസ് വിഷയത്തില്‍ ഇരുരാജ്യങ്ങളും എന്ത് നിലപാട് സ്വീകരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇനി സമാധാന നീക്കങ്ങളുടെ ഭാവി.
