ടൊറൻ്റോ : വ്യാഴാഴ്ച ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും തെക്കൻ ഒൻ്റാരിയോയുടെ ചില ഭാഗങ്ങളിലും 20 മില്ലിമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് എൻവയൺമെൻ്റ് കാനഡയുടെ മുന്നറിയിപ്പ്. രാവിലെ ടൊറൻ്റോ, മിസ്സിസാഗ, ബ്രാംപ്ടൺ, ഹാമിൽട്ടൺ, ഓഷവ, നയാഗ്ര ഫോൾസ് എന്നിവിടങ്ങളിൽ മേഘാവൃതമായിരിക്കും. മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിൽ തെക്കുകിഴക്കൻ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മിസ്സിസാഗയിൽ പകൽ സമയത്ത് പരമാവധി താപനില 10 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, കാറ്റിനൊപ്പം രാവിലെ താപനില മൈനസ് 11 ഡിഗ്രി സെൽഷ്യസ് വരെയായി അനുഭവപ്പെടാം. വൈകുന്നേരം ജിടിഎയിൽ മഴ പെയ്യാൻ 60 ശതമാനം സാധ്യതയുണ്ടെന്നും അർദ്ധരാത്രിക്ക് ശേഷം മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ബർക്ക്സ് ഫോൾസ്, ഹണ്ട്സ്‌വിൽ, ഓവൻ സൗണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ 10 മുതൽ 15 മില്ലിമീറ്റർ വരെ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പാരി സൗണ്ടിൽ 20 മില്ലിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.
