വാഷിങ്ടണ്‍: തന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം തന്റെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ചത്. അനധികൃത കുടിയേറ്റം തടയുന്നതിലും ആഗോള സമാധാനം ഉറപ്പാക്കുന്നതിലും തന്റെ സര്‍ക്കാര്‍ വലിയ വിജയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.
അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതോടെ രാജ്യം കൂടുതല്‍ സുരക്ഷിതമായതായി ട്രംപ് പറഞ്ഞു. രാജ്യത്തെ മയക്കുമരുന്ന് കടത്ത് 90 ശതമാനം വരെ കുറയ്ക്കാന്‍ തന്റെ ഭരണകൂടത്തിന് സാധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. കൂടാതെ, കഴിഞ്ഞ പത്ത് മാസത്തിനിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്കയുടെ ഇടപെടലുകളിലൂടെ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

മുന്‍ ഭരണകാലത്തേക്കാള്‍ വിലക്കയറ്റം കുറയ്ക്കാനും ജനങ്ങളുടെ വേതനം വര്‍ധിപ്പിക്കാനും സാധിച്ചു. സ്വകാര്യ മേഖലയില്‍ വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. നികുതിയിളവുകളിലൂടെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. ശരാശരി ഒരു വ്യക്തിക്ക് പ്രതിവര്‍ഷം 11,000 ഡോളര്‍ വരെ അധികമായി സമ്പാദിക്കാവുന്ന സാഹചര്യം ഒരുങ്ങി. ഇന്‍ഷുറന്‍സ് കമ്പനികളുടെ അമിത ലാഭം നിയന്ത്രിച്ചുകൊണ്ട്, കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കി. അമേരിക്കന്‍ പൗരന്മാര്‍ക്ക് കൂടുതല്‍ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞത് തന്റെ സര്‍ക്കാരിന്റെ വലിയ വിജയമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
