വിനിപെഗ്: മാനിറ്റോബയിലെ സർക്കാർ ആശുപത്രികളിൽ ചികിത്സാ സഹായത്തിനായി ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI). രോഗനിർണ്ണയത്തിലെ കാലതാമസം ഒഴിവാക്കാനും ആരോഗ്യപ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കാനുമായി എം.ആർ.ഐ സ്കാനിങ് ഉൾപ്പെടെയുള്ള മേഖലകളിലാണ് നിലവിൽ എഐ സേവനം നടപ്പിലാക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ ആശുപത്രികളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് സർക്കാർ തീരുമാനം.
നിലവിൽ എം.ആർ.ഐ സ്കാനിങ്ങിനായി എടുക്കുന്ന സമയം പകുതിയായി കുറയ്ക്കാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കുമെന്ന് പ്രവിശ്യാ ഡയഗ്നോസ്റ്റിക് സർവീസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. അബ്ദുൾ റസാഖ് സൊക്കോറോ അറിയിച്ചു. സാധാരണഗതിയിൽ 20 മിനിറ്റ് വേണ്ടിവരുന്ന ഒരു സ്കാനിങ് ഇനി 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും ഇത് രോഗികളുടെ വെയിറ്റ് ലിസ്റ്റ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവിശ്യയിലെ 14 എം.ആർ.ഐ മെഷീനുകളിൽ ഒൻപതെണ്ണത്തിലും 2026 വസന്തകാലത്തോടെ എഐ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യും. വിനിപെഗ്, ബ്രാൻഡൻ, സെൽകിർക്ക് തുടങ്ങിയ നഗരങ്ങളിലെ ആശുപത്രികളിൽ ഇതിനോടകം തന്നെ ഈ മാറ്റങ്ങൾ ആരംഭിച്ചിട്ടുണ്ട്. പുതിയതായി വാങ്ങുന്ന മെഷീനുകളിൽ എഐ സാങ്കേതികവിദ്യ ബിൽറ്റ്-ഇൻ ആയി തന്നെ ലഭ്യമാണ്. ഒക്ടോബറിലെ കണക്കുകൾ പ്രകാരം പാൻ ആം ക്ലിനിക്കിൽ 90 ശതമാനവും എച്ച്.എസ്.സിയിൽ 24 ശതമാനവും ഉൽപ്പാദനക്ഷമത വർദ്ധിച്ചതായി ആരോഗ്യ മന്ത്രി യുസോമ അസഗ്വാര ചൂണ്ടിക്കാട്ടി.
രോഗികളുടെ സ്വകാര്യതയ്ക്കും ഡാറ്റാ സുരക്ഷയ്ക്കും അതീവ പ്രാധാന്യം നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലൗഡ് അധിഷ്ഠിത സംവിധാനത്തിന് പകരം ഓരോ മെഷീനിലും നേരിട്ട് പ്രവർത്തിക്കുന്ന രീതിയിലാണ് എഐ സജ്ജീകരിച്ചിരിക്കുന്നത്. എം.ആർ.ഐ സ്കാനിങ്ങിന് പുറമെ, കാൻസർ കെയർ മാനിറ്റോബയിലെ കീമോതെറാപ്പി അപ്പോയിന്റ്മെന്റുകൾ ക്രമീകരിക്കുന്നതിനും ഡോക്ടർമാർക്ക് കുറിപ്പുകൾ തയ്യാറാക്കുന്നതിനും എഐ പൈലറ്റ് പ്രോജക്റ്റുകൾ ആരംഭിച്ചിട്ടുണ്ട്.

സാങ്കേതികവിദ്യ നിലവിൽ വരുന്നത് ജീവനക്കാരുടെ കുറവിന് പരിഹാരമാകുമെങ്കിലും ഇത് മനുഷ്യ അധ്വാനത്തിന് പകരമാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡോക്ടർമാരുടെയും മറ്റ് ആരോഗ്യപ്രവർത്തകരുടെയും ക്ലിനിക്കൽ തീരുമാനങ്ങൾക്കും രോഗീപരിചരണത്തിനും കൂടുതൽ സമയം ലഭ്യമാക്കുക എന്നതാണ് എഐ ഉപയോഗിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് പ്രത്യേക പരിശീലനവും നൽകി വരുന്നു.
