ഹാലിഫാക്സ് : അറ്റ്ലാന്റിക് കാനഡയിലെ ടൂറിസം മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകിക്കൊണ്ട് 2025-ലെ ക്രൂയിസ് ഷിപ്പ് സീസൺ സമാപിച്ചു. നവംബർ 19-ന് ഹാലിഫാക്സ് തുറമുഖത്തുനിന്ന് ‘ഐഡ ദിവ’ (AIDAdiva) മടങ്ങിയതോടെയാണ് എട്ടുമാസം നീണ്ടുനിന്ന സീസണ് തിരശ്ശീല വീണത്. ഈ വർഷം 610 കപ്പലുകളിലായി എട്ടുലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയിലെ വിവിധ തുറമുഖങ്ങളിൽ എത്തിയത്. ‘ബില്ല്യന്റ് ലേഡി’ ഉൾപ്പെടെയുള്ള പ്രമുഖ കപ്പലുകളുടെ കന്നി സന്ദർശനങ്ങൾ ഇത്തവണത്തെ പ്രത്യേകതയായിരുന്നു. ഹാലിഫാക്സ് തുറമുഖത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സീസൺ കൂടിയായിരുന്നു ഇതെന്ന് അധികൃതർ അറിയിച്ചു.

സന്ദർശകരുടെ എണ്ണം കോവിഡ് കാലത്തിന് മുൻപുള്ള സാധാരണ നിലയിലേക്ക് എത്തിയത് വലിയ ആശ്വാസം നൽകുന്നതായി ടൂറിസം വ്യാപാരികൾ അഭിപ്രായപ്പെട്ടു. സെന്റ് ജോൺസ് തുറമുഖം റെക്കോർഡ് എണ്ണം കപ്പലുകളെ സ്വീകരിച്ചപ്പോൾ, ഷാർലെറ്റ് ടൗൺ തങ്ങളുടെ ഇരുപത് ലക്ഷം സന്ദർശകർ എന്ന നാഴികക്കല്ലും ഇത്തവണ പിന്നിട്ടു. ശരത്കാലത്തെ ‘ലീഫ് പീപ്പിങ്’ ടൂറിസത്തിന് പുറമെ, വേനൽക്കാലത്തും വസന്തകാലത്തും സഞ്ചാരികൾക്കിടയിൽ വർധിച്ചുവരുന്ന താൽപ്പര്യം മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് കരുത്തേകും. കോടിക്കണക്കിന് ഡോളറിന്റെ വരുമാനവും ആയിരക്കണക്കിന് തൊഴിലവസരങ്ങളുമാണ് ഈ സീസണിലൂടെ പ്രവിശ്യയ്ക്ക് ലഭിച്ചത്.
