സിഡ്‌നി: സിഡ്‌നി ബോണ്ടി ബീച്ചിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തെ തോക്ക് നിയന്ത്രണ നിയമങ്ങൾ കർശനമാക്കി ഓസ്‌ട്രേലിയൻ സർക്കാർ. ഇതിന്റെ ഭാഗമായി പൊതുജനങ്ങളുടെ കൈവശമുള്ള തോക്കുകൾ സർക്കാർ പണം നൽകി തിരികെ വാങ്ങുന്ന ‘ഗൺ ബൈബാക്ക്’ പദ്ധതി പ്രധാനമന്ത്രി ആൻ്റണി ആൽബനീസി പ്രഖ്യാപിച്ചു. നിയമവിരുദ്ധമായ തോക്കുകളും, പുതുതായി നിരോധിച്ചവയും സർക്കാർ പണം നൽകി തിരികെ വാങ്ങുന്നതാണ് പദ്ധതി. ലക്ഷക്കണക്കിന് തോക്കുകൾ ഇങ്ങനെ തിരിച്ചു വാങ്ങി സർക്കാർ തന്നെ നശിപ്പിക്കുമെന്നാണ് കരുതുന്നത്. തോക്കുടമകളുടെ വിവരങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഏകീകൃത ‘നാഷണൽ ഫയർആംസ് രജിസ്റ്റർ’ നടപ്പിലാക്കും. ഒരാൾക്ക് കൈവശം വയ്ക്കാവുന്ന തോക്കുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കും.

കൂടാതെ, ഓസ്‌ട്രേലിയൻ പൗരത്വമുള്ളവർക്ക് മാത്രമേ ഇനി തോക്ക് ലൈസൻസ് അനുവദിക്കൂ. പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചെലവ് സർക്കാരും ഓസ്‌ട്രേലിയൻ സർക്കാരുകളും തുല്യമായി പങ്കിടും. കഴിഞ്ഞ ഞായറാഴ്ച ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക ആഘോഷത്തിനിടെയാണ് രണ്ട് തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരോടുളള ആദരസൂചകമായി ഡിസംബർ 21 ദേശീയ അനുസ്മരണ ദിനമായി ആചരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അന്ന് വൈകീട്ട് 6:47-ന് ആക്രമണത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്കായി മെഴുകുതിരികൾ തെളിയിക്കാനും അദ്ദേഹം ഓർമ്മിപ്പിച്ചു.
