ഓട്ടവ: കാനഡയിലെ സൂപ്പർമാർക്കറ്റിലെ വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങൾ ബാത്ത്റൂമിൽ ഒളിക്യാമറ വെച്ച് പകർത്തിയ സംഭവത്തിൽ വൻ തുക നഷ്ടപരിഹാരം നൽകണമെന്ന് കോടതി. ‘റെഡ് ബാൺ മാർക്കറ്റ്’ എന്ന സ്ഥാപനത്തിനാണ് ഏകദേശം 7.5 ലക്ഷം ഡോളർ പിഴ ചുമത്തിയത്. സ്ഥാപനത്തിലെ മുൻ അസിസ്റ്റന്റ് മാനേജർ ബാത്ത്റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തി റഷ്യൻ വെബ്സൈറ്റുകളിൽ പ്രചരിപ്പിച്ചതിനെതിരെയാണ് കോടതിയുടെ ഈ ശക്തമായ നടപടി.
2016 മുതൽ നടന്ന ഈ ക്രൂരകൃത്യത്തിൽ എട്ടോളം യുവതികളാണ് ഇരകളായത്. കുറ്റക്കാരനായ മാത്യു ഷ്വാബിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതി 15 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. നിലവിലെ വിധി പ്രകാരം, പകർത്തിയ വീഡിയോകളുടെ പൂർണ്ണ അവകാശം യുവതികൾക്ക് നൽകാനും പ്രതിയുടെ കൈവശമുള്ള എല്ലാ ദൃശ്യങ്ങളും നശിപ്പിക്കാനും കോടതി ഉത്തരവിട്ടു.

ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിച്ചവർക്ക് വലിയൊരു തുകയും മറ്റുള്ളവർക്ക് നിശ്ചിത തുകയും ലഭിക്കും. കൂടാതെ, തങ്ങൾക്ക് ലഭിക്കുന്ന തുകയുടെ ഒരു ഭാഗം മറ്റ് ഇരകളെ സഹായിക്കാനായി ചാരിറ്റി സ്ഥാപനത്തിന് നൽകുമെന്ന് പരാതിക്കാർ അറിയിച്ചു.
