വൻകൂവർ : ഫസ്റ്റ് നേഷൻ ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട നിയമപരിഷ്കാരങ്ങളെച്ചൊല്ലി വെട്ടിലായി ബ്രിട്ടിഷ് കൊളംബിയ പ്രീമിയർ ഡേവിഡ് എബി. ഫസ്റ്റ് നേഷൻസിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള ‘ഡ്രിപ്പ’ (DRIPA) നിയമത്തിൽ ഭേദഗതി വരുത്താനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഫസ്റ്റ് നേഷൻ കമ്മ്യൂണിറ്റിയുമായുള്ള തർക്കങ്ങൾ കോടതിക്ക് പുറത്ത് ചർച്ചകളിലൂടെ പരിഹരിക്കാനാണ് ഈ നീക്കമെന്ന് പ്രീമിയർ വ്യക്തമാക്കിയിരുന്നു. ഇതോടെ, സർക്കാരിന്റെ ഈ പിന്മാറ്റത്തിനെതിരെ ഫസ്റ്റ് നേഷൻ നേതാക്കൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

സമീപകാലത്ത് തദ്ദേശീയരുമായുള്ള രണ്ട് നിയമപോരാട്ടങ്ങളിൽ സർക്കാരിന് തിരിച്ചടി നേരിട്ടതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രീമിയറെ നയിച്ചത്. കോടതിവിധികൾ ഭരണകൂടത്തിന്റെ നിയന്ത്രണം കവരുകയാണെന്ന ആശങ്ക എബി പങ്കുവെക്കുമ്പോൾ, ബിസി കൺസർവേറ്റീവ് പാർട്ടി ഈ വിഷയത്തിൽ തുടക്കം മുതലേ സർക്കാരിനെ വിമർശിക്കുന്നുണ്ട്. വരാനിരിക്കുന്ന വർഷത്തിൽ ഡേവിഡ് എബി നേരിടാൻ പോകുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമായിരിക്കും ഈ നിയമപരിഷ്കാരമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
