വിനിപെഗ് : അതിശക്തമായി തുടരുന്ന മഞ്ഞുവീഴ്ചയെയും കാറ്റിനെയും തുടർന്ന്, ഡസൻകണക്കിന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് മാനിറ്റോബ. വ്യാഴാഴ്ച വീശിയടിച്ച ബ്ലിസാർഡിന് പിന്നാലെ ഇന്ന് ‘ആൽബർട്ട ക്ലിപ്പർ’ എന്നറിയപ്പെടുന്ന ശക്തമായ ശീതക്കാറ്റും മഞ്ഞുവീഴ്ചയും തുടരുന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ അധികൃതർ നിർദ്ദേശിച്ചത്. യെല്ലോഹെഡ് ഉൾപ്പെടെയുള്ള മേഖലകളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റ് കാരണം റോഡുകളിൽ ദൃശ്യപരത കുറയുന്നത് വലിയ അപകടസാധ്യത ഉയർത്തുന്നുണ്ട്. ഇതിനെത്തുടർന്ന് ഹാനോവർ, ഇന്റർലേക്ക്, സെൻറൈസ് ഉൾപ്പെടെയുള്ള പത്തിലയധികം സ്കൂൾ ഡിവിഷനുകൾ എല്ലാ ക്ലാസുകളും റദ്ദാക്കി. ചിലയിടങ്ങളിൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബസ് സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ ആരും വാഹനങ്ങളുമായി റോഡിലിറങ്ങരുതെന്ന് മാനിറ്റോബ ആർസിഎംപി നിർദ്ദേശിച്ചു. കനത്ത മഞ്ഞുവീഴ്ച തുടരുന്നതിനാൽ പലയിടങ്ങളിലും വൈദ്യുതി തടസ്സത്തിനും ഗതാഗതക്കുരുക്കിനും സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
