Saturday, December 20, 2025

ശബരിമല സ്വര്‍ണക്കൊള്ള ഇനി ഇഡി അന്വേഷിക്കും

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) അന്വേഷിക്കും. കേസിലെ എഫ്ഐആര്‍, റിമാന്‍ഡ് റിപ്പോര്‍ട്ട് തുടങ്ങിയ സുപ്രധാന രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കടുത്ത എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ നടപടി.

ഇഡി സമാന്തര അന്വേഷണം നടത്തുന്നത് കേസിലെ കൂടുതല്‍ പ്രതികളിലേക്ക് എത്തുന്നതിനെ ബാധിക്കുമെന്നും അതിനാല്‍ രേഖകള്‍ കൈമാറരുതെന്നും എസ്‌ഐടി കോടതിയില്‍ വാദിച്ചു. കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതില്‍ എതിര്‍പ്പില്ലെങ്കിലും സമാന്തര അന്വേഷണം വേണ്ടെന്നായിരുന്നു പ്രോസിക്യൂഷന്‍ നിലപാട്.

കേസില്‍ കള്ളപ്പണ ഇടപാട് നടന്നതായി സംശയമുള്ളതിനാല്‍ അത് അന്വേഷിക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്ന് ഇ ഡി കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ അനുമതിയോടെയാണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്നും അന്വേഷണത്തെ ഇത് എങ്ങനെ ബാധിക്കുമെന്നും ഇ ഡി ചോദിച്ചു.

സമാന്തര അന്വേഷണം തടയണമെന്ന എസ്‌ഐടിയുടെ ആവശ്യം തള്ളിയ കോടതി, കേസ് രേഖകള്‍ ഇ ഡിക്ക് കൈമാറാന്‍ നിര്‍ദേശിച്ചു. ഇതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സംസ്ഥാന ഏജന്‍സിക്ക് പുറമെ കേന്ദ്ര ഏജന്‍സിയായ ഇ ഡിയുടെ അന്വേഷണവും ആരംഭിക്കും.

ശബരിമലയിലെ സ്വര്‍ണ്ണപ്പണികളുമായി ബന്ധപ്പെട്ട് വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടുകള്‍ നടന്നെന്ന ആക്ഷേപമാണ് ഇ ഡിയുടെ അന്വേഷണ പരിധിയില്‍ വരുന്നത്. കേസില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടോ എന്നും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (PMLA) ഇ ഡി പരിശോധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!