ടൊറന്റോ : ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (ജിടിഎ) അതിശക്തമായ തണുപ്പിനും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി എൻവയൺമെന്റ് കാനഡ. വെള്ളിയാഴ്ച രാവിലെ മുതൽ താപനില അതിവേഗം താഴുന്നതിനൊപ്പം കാറ്റും മഞ്ഞുവീഴ്ചയും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷകർ പ്രവചിക്കുന്നു. റോഡുകളിലും മറ്റും മഞ്ഞ് ഉറച്ചുകൂടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും, വഴുക്കലുള്ള സാഹചര്യങ്ങളിൽ വാഹനങ്ങൾ നിയന്ത്രിക്കുന്നത് പ്രയാസകരമാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടേക്കാം. വീടിന് പുറത്തുള്ള ചപ്പുചവറുകൾ ഇടുന്ന ബിന്നുകൾ പോലുള്ള സാധനങ്ങൾ സുരക്ഷിതമായി വെക്കണമെന്നും കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. രാത്രിയോടെ താപനില മൈനസ് 5 ഡിഗ്രിയിലേക്ക് താഴുമെങ്കിലും കാറ്റ് മൂലമുള്ള തണുപ്പ് മൈനസ് 11 ഡിഗ്രിക്ക് സമാനമായി അനുഭവപ്പെടും. ശനിയാഴ്ചയും മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും വെള്ളിയാഴ്ചയായിരിക്കും കൂടുതൽ ദുഷ്കരമായ സാഹചര്യങ്ങൾ നിലനിൽക്കുകയെന്നും കാലാവസ്ഥാ ഏജൻസി വ്യക്തമാക്കി.
