ഫ്രെഡറിക്ടൺ : അടുത്ത വർഷം നടക്കുന്ന ന്യൂബ്രൺസ്വിക് പിസി നേതൃത്വ മത്സരത്തിൽ നിന്നും പിന്മാറിയതായി മുൻ പീപ്പിൾസ് അലയൻസ് നേതാവും പ്രോഗ്രസീവ് കൺസർവേറ്റീവ് എംഎൽഎയുമായ ക്രിസ് ഓസ്റ്റിൻ അറിയിച്ചു. പ്രോഗ്രസീവ് കൺസർവേറ്റീവുകൾ 2026 ഒക്ടോബറിൽ ഒരു പുതിയ പ്രവിശ്യാ നേതാവിനെ തിരഞ്ഞെടുക്കും. അതേസമയം മുൻ കാബിനറ്റ് മന്ത്രി ഡാനിയേൽ അലെയ്ൻ പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

2018 മുതൽ എംഎൽഎ-യാണ് ക്രിസ് ഓസ്റ്റിൻ. 2022-ൽ പീപ്പിൾസ് അലയൻസ് പാർട്ടിയിൽ നിന്നും പിസി കോക്കസിൽ ചേർന്നതിനുശേഷം ബ്ലെയ്ൻ ഹിഗ്സ് മന്ത്രിസഭയിൽ പൊതു സുരക്ഷാ മന്ത്രിയായി സേവനമനുഷ്ഠിച്ചു. പ്രവിശ്യാ മന്ത്രിസഭയുടെ ശരത്കാല സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, പാർട്ടി നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് ഓസ്റ്റിൻ പറഞ്ഞിരുന്നു.
