ഫ്രെഡറിക്ടൺ : ഇന്നലെയുണ്ടായ തീപിടുത്തത്തിൽ ന്യൂബ്രൺസ്‌വിക്കിലെ പ്രമുഖ ലോബ്സ്റ്റർ സംഭരണ കേന്ദ്രം കത്തിനശിച്ചു. ബാതർസ്റ്റിന് സമീപമുള്ള സ്റ്റോൺഹേവൻ ലോബ്സ്റ്റർ കമ്പനിയിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് 3:30-ഓടെ തീപിടുത്തമുണ്ടായത്. ആളിപ്പടർന്ന തീയിൽ കെട്ടിടം പൂർണ്ണമായും കത്തിനശിച്ചതായി അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന പ്രധാന കേന്ദ്രമായിരുന്നു ഇത്. അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർ മാർഷൽ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഈ മാസം തന്നെ നോവസ്കോഷയിലെ മറ്റൊരു പ്രമുഖ ലോബ്സ്റ്റർ സംസ്കരണ കേന്ദ്രമായ ‘അക്വാഷെൽ ഹോൾഡിങ്സും’ സമാനമായ രീതിയിൽ തീപിടുത്തത്തിൽ നശിച്ചിരുന്നു. തുടർച്ചയായ ഇത്തരം അപകടങ്ങൾ മേഖലയിലെ മത്സ്യബന്ധന-സംസ്കരണ വ്യവസായത്തിന് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.
