Friday, December 19, 2025

യുഎസ് മദ്യവിൽപ്പനയിലൂടെ ലക്ഷങ്ങൾ കൊയ്ത് മാനിറ്റോബ: 26 ലക്ഷം ചാരിറ്റിയ്ക്ക്

വിനിപെഗ് : യുഎസ് മദ്യം വാങ്ങാൻ ചിലവഴിച്ച ദശലക്ഷക്കണക്കിന് ഡോളറിന് മാനിറ്റോബ നിവാസികൾക്ക് നന്ദി. അമേരിക്കൻ മദ്യ വിൽപ്പനയിൽ നിന്ന് ലഭിച്ച തുകയിൽ നിന്നും 26 ലക്ഷം ഡോളർ വിവിധ ചാരിറ്റി സംഘടനകൾക്ക് സംഭാവന ചെയ്തതായി മാനിറ്റോബ പ്രീമിയർ വാബ് കിന്യൂ അറിയിച്ചു. യുഎസ് താരിഫുകൾക്കെതിരെ പ്രതികാര നടപടിയായി പിൻവലിച്ചിരുന്ന അമേരിക്കൻ മദ്യത്തിൻ്റെ സ്റ്റോക്ക് കഴിഞ്ഞ ആഴ്ച മുതൽ മാനിറ്റോബ വിറ്റഴിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ, അമേരിക്കൻ മദ്യവിൽപ്പനയിൽ നിന്ന് ഇതുവരെ എത്ര വരുമാനം ലഭിച്ചുവെന്ന് പ്രവിശ്യ വ്യക്തമാക്കിയിട്ടില്ല.

26 ലക്ഷം ഡോളറിൽ ക്രിസ്മസ് ഹാംപറുകളും കുടുംബങ്ങൾക്ക് മറ്റ് സംഭാവനകളും എത്തിക്കാൻ സഹായിക്കുന്നതിന് 10 ലക്ഷം ഡോളർ വിനിപെഗ് ക്രിസ്മസ് ചിയർ ബോർഡിന് നൽകും. മാനിറ്റോബ ഹാർവെസ്റ്റിന് അഞ്ച് ലക്ഷം ഡോളർ ലഭിക്കുമ്പോൾ മറ്റൊരു അഞ്ച് ലക്ഷം ഡോളർ ബ്രാൻഡൻ-വെസ്റ്റ്മാൻ ക്രിസ്മസ് ചിയർ രജിസ്ട്രി പോലുള്ള ബ്രാൻഡൻ ചാരിറ്റികൾക്ക് നൽകുമെന്ന് പ്രീമിയർ വാബ് കിന്യൂ പറഞ്ഞു. ബാക്കിയുള്ള തുക ബ്രാൻഡൻ ഹെൽപ്പിങ് ഹാൻഡ്‌സ് സെന്‍റർ, തോംസൺ ബോയ്‌സ് ആൻഡ് ഗേൾസ് ക്ലബ്, മാനിറ്റോബ കീവറ്റിനോവി ഒകിമാകനാക് ഇൻ‌കോർപ്പറേറ്റഡ് എന്നിവയ്ക്ക് സംഭാവന ചെയ്യുമെന്നും പ്രീമിയർ അറിയിച്ചു.

യുഎസ് മദ്യ ഉൽ‌പന്നങ്ങളുടെ ശേഷിക്കുന്ന സ്റ്റോക്ക് തുടർന്നും വിൽക്കുമെന്നും തിരഞ്ഞെടുത്ത ലിക്കർ മാർട്ടുകൾക്കപ്പുറം വിൽപ്പന വ്യാപിപ്പിക്കുമെന്നും പ്രവിശ്യ അറിയിച്ചു. വിൽപ്പനയിൽ നിന്നുള്ള വരുമാനം ചാരിറ്റിക്ക് സംഭാവന ചെയ്യുന്നത് തുടരുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചിട്ടുണ്ട്. ഡിസംബർ 24 വരെ യുഎസ് മദ്യവിൽപ്പന ഉണ്ടാകുമെന്ന് പ്രീമിയർ മുമ്പ് അറിയിച്ചിരുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!