ഓട്ടവ : കെബെക്ക് ലിബറൽ പാർട്ടി നേതൃസ്ഥാനത്തേക്കില്ലെന്ന് വ്യക്തമാക്കി ഫെഡറൽ വ്യവസായ മന്ത്രി മെലനി ജോളി. അഴിമതി ആരോപണങ്ങളെത്തുടർന്ന് പ്രവിശ്യയിലെ പാർട്ടി ലീഡറായിരുന്ന പാബ്ലോ റോഡ്രിഗസ് രാജി വെച്ചതോടെ, മെലനി ജോളി ഈ സ്ഥാനത്തേക്ക് എത്തുമെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ നിലവിൽ വ്യവസായ മന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് അവർ അറിയിച്ചു. കെബെക്കിനെ കാനഡയിൽ നിന്ന് വേർപെടുത്താനുള്ള ഹിതപരിശോധന നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും മെലനി ജോളി പറഞ്ഞു.

അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രവിശ്യാ തിരഞ്ഞെടുപ്പിൽ വിഘടനവാദി പാർട്ടിയായ പാർട്ടി കെബെക്ക്വ (PQ) അധികാരത്തിൽ വരുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. അധികാരത്തിൽ വന്നാൽ 2030-ഓടെ സ്വതന്ത്ര കെബെക്കിനായുള്ള ഹിതപരിശോധന നടത്തുമെന്ന് പാർട്ടി കെബെക്ക്വ നേതാവ് പോൾ സെന്റ് പിയറി പ്ലാമോണ്ടൻ പ്രഖ്യാപിച്ചിട്ടുണ്ട്. വിഭജനം കെബെക്കിനും കനേഡിയൻ സമ്പദ്‌വ്യവസ്ഥയ്ക്കും ദോഷകരമാകുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി, ഫെഡറലിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ വരും വർഷങ്ങളിൽ കൂടുതൽ സമയം മാറ്റിവെക്കുമെന്നും വ്യക്തമാക്കി.
