ഓട്ടവ : കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് ശേഷം പാർട്ടിയെ അടിത്തട്ടിൽ നിന്ന് ശക്തിപ്പെടുത്താൻ ഒരുങ്ങുന്നതായി എൻഡിപി ഇടക്കാല നേതാവ് ഡോൺ ഡേവീസ്. ഫെഡറൽ ഭരണവൃത്തങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കാതെ സാധാരണക്കാരായ കനേഡിയൻ വോട്ടർമാരുടെ ആവശ്യങ്ങൾ കേട്ടറിയുകയാണ് പാർട്ടിയുടെ പ്രാഥമിക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഫാർമകെയർ ഉൾപ്പെടെയുള്ള നയങ്ങൾ നടപ്പിലാക്കിയെങ്കിലും, അത് ജനങ്ങളുടെ മുൻഗണനകൾക്ക് അനുസൃതമായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഡോൺ ഡേവീസ് പറഞ്ഞു. അടുത്ത മാർച്ചിൽ വിനിപെഗിൽ വെച്ച് നടക്കുന്ന കൺവെൻഷനിൽ പാർട്ടിയുടെ പുതിയ സ്ഥിരം നേതാവിനെ തിരഞ്ഞെടുക്കും.

നിലവിൽ അഞ്ച് സ്ഥാനാർത്ഥികളാണ് നേതൃസ്ഥാനത്തിനായി മത്സരിക്കുന്നത്. തൊഴിൽ മേഖലയിലുള്ളവരെയും സാധാരണക്കാരെയും പാർട്ടിയിലേക്ക് ആകർഷിക്കുകയാണ് ഇവരുടെ പ്രധാന വെല്ലുവിളി. ലിബറൽ പാർട്ടി മധ്യപക്ഷത്തേക്ക് നീങ്ങുന്ന സാഹചര്യത്തിൽ, പുരോഗമനപരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന എൻഡിപിക്ക് വോട്ടർമാർക്കിടയിൽ വലിയ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് കാലാവസ്ഥാ വ്യതിയാനവും ജീവിതച്ചെലവും ഉയർത്തിക്കാട്ടി ജനവിശ്വാസം നേടിയെടുക്കാനാണ് പാർട്ടിയുടെ നീക്കം.
