ഹാലിഫാക്സ് : പ്രവിശ്യയിലെ ഹോം കെയർ മേഖലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യാ പ്ലാറ്റ്‌ഫോം ആരംഭിക്കുമെന്ന് നോവസ്കോഷ സർക്കാർ പ്രഖ്യാപിച്ചു. ഹോം കെയർ ഏജൻസികളെയും ആരോഗ്യപ്രവർത്തകരെയും ഒരു കുടക്കീഴിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ പ്രൊവിൻഷ്യൽ ഹോം കെയർ പ്രോഗ്രാമുകൾ വഴി ഏകദേശം 40,000 പ്രവിശ്യാ നിവാസികൾക്ക് സഹായം ലഭിക്കുന്നുണ്ട്.

2027 പകുതിയോടെ പ്രവർത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ പദ്ധതിയിലൂടെ പ്രവിശ്യയിലെ എല്ലാ ഹോം കെയർ ഏജൻസികളെയും നോവസ്കോഷ ഹെൽത്തിന്‍റെ കൺടിന്യൂയിങ് കെയർ പ്രോഗ്രാമുമായി ബന്ധിപ്പിക്കും. ഇതിലൂടെ രോഗികളുടെ വിവരങ്ങൾ കൈമാറുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സാധിക്കുമെന്ന് സീനിയേഴ്‌സ് ആൻഡ് ലോങ് ടേം കെയർ മന്ത്രി ബാർബറ ആഡംസ് വ്യക്തമാക്കി. കനേഡിയൻ കമ്പനിയായ അലയകെയർ രൂപകൽപ്പന ചെയ്യുന്ന ഈ പ്ലാറ്റ്‌ഫോമിന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഏകദേശം ഒരു കോടി 90 ലക്ഷം ഡോളർ ചിലവാകുമെന്ന് പ്രതീക്ഷിക്കുന്നു.
